കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ മൂന്നാം മത്സരത്തില്‍ മികച്ച സ്കോര്‍ നേടി സെയിന്റ് ലൂസിയ സൂക്ക്സ്. 7 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത സൂക്ക്സ് നേടിയത്. ഇന്നത്തെ മത്സരത്തില്‍ ടോസ് നേടി ജമൈക്ക സൂക്ക്സിനോട് ബാറ്റിംഗിന് ആവശ്യപ്പെടുകയായിരുന്നു. തുടക്കത്തിലെ രണ്ട് വിക്കറ്റുകള്‍ ജമൈക്കയുടെ വീരസാമി പെരുമാള്‍ വീഴ്ത്തുകയായിരുന്നു. 6 പന്തില്‍ 17 റണ്‍സുമായി അപകടകാരിയായി മാറുകയായിരുന്നു മാര്‍ക്ക് ദേയാലിന്റെ വിക്കറ്റും ഇതില്‍ പെടുന്നു.
റഖീം കോണ്‍വാല്‍(9) പുറത്തായതും പെരുമാളിന്റെ ഓവറിലായിരുന്നു. മാര്‍ക്ക് ദേയാല്‍ പെരുമാളിനെ രണ്ട് സിക്സര്‍ പറത്തിയ ശേഷമാണ് വിക്കറ്റ് നല്‍കി മടങ്ങിയത്. 22 റണ്‍സ് നേടിയ ആന്‍ഡ്രേ ഫ്ലെച്ചറിന്റെ വിക്കറ്റ് ആന്‍ഡ്രേ റസ്സലിന് ലഭിച്ച. പെരുമാള്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഫ്ലെച്ചര്‍ ഒരു ക്യാച്ച് നല്‍കിയെങ്കിലും റസ്സല്‍ അത് കൈവിട്ടിരുന്നു.
പിന്നീട് റോസ്ടണ്‍ ചേസ്-നജീബുള്ള സദ്രാന്‍ കൂട്ടുകെട്ട് സെയിന്റ് ലൂസിയ സൂക്ക്സിനെ മുന്നോട്ട് നയിക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ 52 റണ്‍സ് നേടിയ കൂട്ടുകെട്ട് പിരിഞ്ഞത് 25 റണ്‍സ് നേടിയ നജീബുള്ള സദ്രാനെ സന്ദീപ് ലാമിച്ചാനെ പുറത്താക്കിയപ്പോളാണ്.
13 റണ്‍സ് നേടിയ മുഹമ്മദ് നബിയെയും 52 റണ്‍സ് നേടിയ റോസ്ടണ്‍ ചേസിനെയും മുജീബുര്‍ റഹ്മാന്‍ ആണ് പുറത്താക്കിയത്. വീരസാമി പെരുമാളും മുജീബ് ഉര്‍ റഹ്മാനും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ആന്‍ഡ്രേ റസ്സലിന് ഒരു വിക്കറ്റ് ലഭിച്ചു.