ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ മോശം ഫോം ഇന്നത്തെ മത്സരത്തിലും തുടര്‍ന്ന് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സിനെ സെയിന്റ് ലൂസിയ സൂക്ക്സ് 110 റണ്‍സിന് എറിഞ്ഞ് പിടിക്കുകയായിരുന്നു. തുടക്കത്തില്‍ മുഹമ്മദ് നബിയുടെ സ്പെല്ലില്‍ ടീം തകര്‍ന്നടിയുകയായിരുന്നു.
നബി എറിഞ്ഞ മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ ക്രിസ് ലിന്നിനെയും നിക്ക് കെല്ലിയെയും പുറത്തായപ്പോള്‍ പാട്രിയറ്റ്സിന്റെ സ്കോര്‍ ബോര്‍ഡ് തുറന്നിട്ടില്ലായിരുന്നു. തന്റെ അടുത്ത ഓവറില്‍ ദിനേശ് രാംദിനെയും എവിന്‍ ലൂയിസിനെയും അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കിയപ്പോള്‍ പാട്രിയറ്റ്സ് 11/4 എന്ന നിലയില്‍ പതറി.
ജാമാര്‍ ഹാമിള്‍ട്ടണെ സഹീര്‍ ഖാന്‍ പുറത്താക്കിയപ്പോള്‍ 38/5 എന്ന നിലയിലേക്ക് പാട്രിയറ്റ്സ് വീണു. പിന്നീട് ബെന്‍ ഡങ്ക്-സൊഹൈല്‍ തന്‍വീര്‍ കൂട്ടുകെട്ടാണ് ടീം സ്കോര്‍ 60 കടത്തിയത്. സ്കോര്‍ 62ല്‍ നില്‍ക്കെ 33 റണ്‍സ് നേടിയ ബെന്‍ ഡങ്കിനെ ടീമിന് നഷ്ടമായി. പിന്നീട് സൊഹൈല്‍ തന്‍വീര്‍(12), റയാദ് എമ്രിറ്റ്(16) എന്നിവരോടൊപ്പം അല്‍സാരി ജോസഫ് പുറത്താകാതെ നേടിയ 21 റണ്‍സ് കൂടി ചേര്‍ന്നപ്പോളാണ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെന്ന സ്കോറിലേക്ക് പാട്രിയറ്റ്സ് എത്തിയത്.