CPL

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നൈറ്റ് റൈഡേഴ്സിനു തോല്‍വി, പാട്രിയറ്റ്സിനു 42 റണ്‍സ് ജയം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെതിരെ 42 റണ്‍സിന്റെ ജയം സ്വന്തമാക്കി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇന്ന് നടന്ന കരീബിയന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സ് 20 ഓവറില്‍ 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 203 റണ്‍സ് നേടുകയായിരുന്നു. ഡെവണ്‍ സ്മിത്ത് നേടിയ 58 റണ്‍സിന്റെയും കാര്‍ലോസ് ബ്രാത്‍വൈറ്റിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെയും ബലത്തിലാണ് 200 കടക്കാന്‍ പാട്രിയറ്റ്സിനു സാധിച്ചത്. 15 പന്തില്‍ നിന്ന് 41 റണ്‍സാണ് ബ്രാത്‍വൈറ്റ് നേടിയത്.

ക്രിസ് ഗെയില്‍(35), ബെന്‍ കട്ടിംഗ്(25*) എന്നിവരും പാട്രിയറ്റ്സ് നിരയില്‍ തിളങ്ങി. നൈറ്റ് റൈഡേഴ്സിനു വേണ്ടി അലി ഖാന്‍ മൂന്ന് വിക്കറ്റും സുനില്‍ നരൈന്‍ 2 വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന്റെ പേരുകേട്ട ബാറ്റിംഗ് നിരയ്ക്ക് പക്ഷേ 20 ഓവറില്‍ നിന്ന് 161 റണ്‍സ് മാത്രമേ നേടാനായുള്ളു. 22 പന്തില്‍ നിന്ന് പുറത്താകാതെ 42 റണ്‍സുമായി നിന്ന കെവന്‍ കൂപ്പര്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. 41 റണ്‍സ് നേടിയ ഡാരെന്‍ ബ്രാവോയും ടീമിനായി തിളങ്ങി. കോളിന്‍ മണ്‍റോ 35 റണ്‍സ് നേടി പുറത്തായി. 17 പന്തില്‍ നിന്ന് മികച്ച തുടക്കമാണ് മണ്‍റോ നല്‍കിയ്.

8 വിക്കറ്റുകളാണ് ട്രിന്‍ബാഗോയ്ക്ക് നഷ്ടമായത്. 2 വീതം വിക്കറ്റുമായി കാര്‍ലോസ് ബ്രാത്‍വൈറ്റ്, ജെര്‍മിയ ലൂയിസ്, ബെന്‍ കട്ടിംഗ് എന്നിവര്‍ വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ ഒരു വിക്കറ്റ് നേടിയ നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെ പതിവു പോലെ കണിശതയോടെ പന്തെറിഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial