ബാര്‍ബഡോസ് ട്രിഡന്റ്സിനെതിരെ 12 റണ്‍സിന്റെ ഡക്ക് വര്‍ത്ത് ലൂയിസ് പ്രകാരമുള്ള വിജയം കരസ്ഥമാക്കി ഗയാന ആമസോണ്‍ വാരിയേഴ്സ്. ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസിനെ 138 റണ്‍സിന് എറിഞ്ഞിട്ട ശേഷം 11 ഓവറില്‍ 81/2 എന്ന നിലയില്‍ നില്‍ക്കവെയാണ് മത്സരം മഴ തടസ്സപ്പെടുത്തിയത്. നാല് വിക്കറ്റ് നേടിയ ക്രിസ് ഗ്രീനിന്റെ ബൗളിംഗ് പ്രകടനമാണ് ആമസോണിന് തുണയായത്. ഗ്രീന്‍ തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.
19.2 ഓവറില്‍ 138 റണ്‍സിന് പുറത്തായ ബാര്‍ബഡോസിന്റെ ടോപ് സ്കോറര്‍ 38 റണ്‍സ് നേടിയ ജീന്‍ പോള്‍ ഡുമിനിയായിരുന്നു. അലെക്സ് ഹെയില്‍സ് 24 റണ്‍സും നേടി. ക്രിസ് ഗ്രീനിനൊപ്പം ഇമ്രാന്‍ താഹിറും രണ്ട് വിക്കറ്റുമായി മികവ് പുലര്‍ത്തി. 3.2 ഓവറില്‍ 14 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് ഗ്രീനിന്റെ 4 വിക്കറ്റ് നേട്ടം.
മറുപടി ബാറ്റിംഗില്‍ ബ്രണ്ടന്‍ കിംഗ് നേടിയ 34 പന്തില്‍ നിന്ന് പുറത്താകാതെയുള്ള 51 റണ്‍സാണ് മത്സരം മാറ്റി മറിച്ചത്. 61/0 എന്ന നിലയില്‍ നിന്ന് 66/2 എന്ന നിലയിലേക്ക് ഗയാന വീണ ശേഷം റണ്‍സ് അധികം വന്നില്ലെങ്കിലും തുടക്കത്തില്‍ കിംഗ് നടത്തിയ ബാറ്റിംഗ് വെടിക്കെട്ട് മഴ തടസ്സം സൃഷ്ടിച്ചപ്പോള്‍ ടീമിന് തുണയായി.