പത്തിൽ പത്ത് ജയവുമായി ആമസോൺ വാരിയേഴ്‌സ്

കരീബിയൻ പ്രീമിയർ ലീഗിൽ പത്തിൽ പത്തും ജയിച്ച് ഗയാന ആമസോൺ വാരിയേഴ്‌സ്. തങ്ങളുടെ പത്താമത്തെ മത്സരത്തിൽ 7 വിക്കറ്റിന് ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിനെയാണ് ആമസോൺ വാരിയേഴ്‌സ് തോൽപ്പിച്ചത്. പ്ലേ ഓഫിൽ എത്തിയ ആമസോൺ വാരിയേഴ്‌സ് ബാർബഡോസ് ട്രൈഡെൻസിനെ നേരിടും. ആ മത്സരത്തിൽ ജയിക്കുന്ന ടീം ഫൈനലിൽ എത്തും.

ആദ്യം ബാറ്റ് ചെയ്ത ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സ് 5 വിക്കറ്റ് നഷ്ടത്തിൽ 143 റൺസാണ് എടുത്തത്. 43 റൺസ് എടുത്ത മൺറോയുടെ പ്രകടനവും 30 റൺസ് എടുത്ത സിമ്മൺസും അവസാന ഓവറുകളിൽ 27 പന്തിൽ 36 റൺസ് എടുത്ത ക്യാപ്റ്റൻ പൊള്ളാർഡിന്റെ പ്രകടനവുമാണ് നൈറ്റ് റൈഡേഴ്‌സ് സ്കോർ 143ൽ എത്തിച്ചത്.

തുടർന്ന് 144 റൺസ് ലക്‌ഷ്യം വെച്ച് ബാറ്റിങ്ങിന് ഇറങ്ങിയ ആമസോൺ വാരിയേഴ്‌സ് 8 പന്ത് ബാക്കി നിൽക്കെ 3 വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം കാണുകയായിരുന്നു. പുറത്താവാതെ 35 പന്തിൽ 54 റൺസ് എടുത്ത നിക്കോളാസ് പൂരന്റെ പ്രകടനമാണ് വാരിയേഴ്സിന് ജയം എളുപ്പമാക്കിയത്. 33 റൺസ് എടുത്ത ബ്രണ്ടൻ കിങ്ങും പുറത്താവാതെ 28 റൺസ് എടുത്ത ഷൊഹൈബ് മാലിക്കും പൂരന് മികച്ച പിന്തുണ നൽകി.

Previous articleസർജറി വിജയകരം, ഉടൻ തിരിച്ചെത്തുമെന്ന് ഹർദിക് പാണ്ട്യ
Next articleഅഫ്ഗാൻ താരം നബി മരിച്ചെന്ന് സോഷ്യൽ മീഡിയ, വാർത്തകൾ തള്ളി താരം