ഗുവഹാത്തി: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫി ക്രിക്കറ്റിൽ അസമിനെതിരെ കേരളത്തിന് 277 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ അസം 224 റൺസിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഒൻപത് റൺസെന്ന നിലയിലാണ്.
ഒരു വിക്കറ്റിന് 33 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ അസമിന് തുടക്കത്തിൽ തന്നെ ഒരു വിക്കറ്റ് നഷ്ടമായി. ബരുൺജ്യോതി മലാകറിനെ പുറത്താക്കി അബിൻലാലാണ് കേരളത്തിന് മികച്ച തുടക്കം നല്കിയത്. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന രാജ് വീർ സിങ്ങും ഹൃഷികേശ് ദാസും ചേർന്ന് 83 റൺസ് കൂട്ടിച്ചേർത്തു. രാജ് വീർ 66ഉം ഹൃഷികേശ് 50ഉം റൺസെടുത്തു. ഇരുവരെയും പുറത്താക്കി കേരളത്തെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത് കാർത്തിക്കാണ്. തുടർന്നെത്തിയ അസം ബാറ്റർമാരിൽ ആർക്കും മികച്ച ഇന്നിങ്സ് കാഴ്ച വയ്ക്കാനായില്ല. ഇരു വശത്തും മുറയ്ക്ക് വിക്കറ്റുകൾ വീണതോടെ അസം ഇന്നിങ്സ് 224ന് അവസാനിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ അഹമ്മദ് ഇമ്രാനാണ് കേരള ബൌളിങ് നിരയിൽ തിളങ്ങിയത്. ആദിത്യ ബൈജുവും, കാർത്തിക്കും, തോമസ് മാത്യുവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു. പതിവിൽ നിന്ന് വ്യത്യസ്തമായി ആദിത്യ ബൈജുവും അക്ഷയും ചേർന്നാണ് കേരളത്തിൻ്റെ ഇന്നിങ്സ് തുറന്നത്. എന്നാൽ ഇരുവരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. ആദിത്യ ഏഴും അക്ഷയ് പൂജ്യത്തിനും പുറത്തായി. കളി നിർത്തുമ്പോൾ ഓരോ റൺ വീതം നേടി സൌരഭും അഹമ്മദ് ഖാനുമാണ് ക്രീസിൽ