അര്‍ദ്ധ ശതകത്തിന് ശേഷം കോൺവേയെ പുറത്താക്കി ഇഷാന്ത്, നൂറ് കടന്ന് ന്യൂസിലാണ്ട്

Sports Correspondent

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ മൂന്നാം ദിവസത്തെ കളിയും നേരത്തെ അവസാനിച്ചു. ന്യൂസിലാണ്ട് തങ്ങളുടെ ആദ്യ ഇന്നിംഗ്സിൽ 101/2 എന്ന നിലയിൽ നില്‍ക്കുമ്പോളാണ് കളി വെളിച്ചക്കുറവ് മൂലം നിര്‍ത്തിവെച്ചത്. തുടര്‍ന്ന് അമ്പയര്‍മാര്‍ സ്റ്റംപ്സ് വിധിക്കുകയായിരുന്നു.

Ishantsharma

ഓപ്പണര്‍മാരായ ഡെവൺ കോൺവേയും ടോം ലാഥവും 70 റൺസ് ആണ് ഒന്നാം വിക്കറ്റിൽ ന്യൂസിലാണ്ടിനായി നേടിയത്. 30 റൺസ് നേടിയ ലാഥമിനെ അശ്വിന്‍ കോഹ്‍ലിയുടെ കൈകളിലെത്തിക്കുകയായിരുന്നു.

തുടര്‍ന്ന് കോൺവേയും കെയിന്‍ വില്യംസണും ചേര്‍ന്ന് 31 റൺസ് നേടി ന്യൂസിലാണ്ടിനെ മുന്നോട്ട് നയിച്ചുവെങ്കിലും ഇഷാന്ത് ശര്‍മ്മ അര്‍ദ്ധ ശതകം തികച്ച കോൺവേയുടെ വിക്കറ്റ് വീഴ്ത്തുകയായിരുന്നു.

12 റൺസ് നേടിയ കെയിന്‍ വില്യംസണൊപ്പം റണ്ണൊന്നുമെടുക്കാതെ റോസ് ടെയിലറാണ് ക്രീസിലുള്ളത്. ഇന്ത്യയുടെ സ്കോര്‍ മറികടക്കുവാന്‍ 116 റൺസ് കൂടി ന്യൂസിലാണ്ട് നേടേണ്ടതുണ്ട്.