46ാം വയസ്സിൽ ഡാരന്‍ സ്റ്റീവന്‍സിന്റെ കരാര്‍ നീട്ടിക്കൊടുത്ത് കെന്റ്

Sports Correspondent

സീനിയര്‍ താരം ഡാരന്‍ സ്റ്റീവന്‍സിന്റെ കരാര്‍ നീട്ടിക്കൊടുത്ത് കെന്റ് ക്രിക്കറ്റ്. ഇതോടെ സ്റ്റീവന്‍സ് തന്റെ 47ാം വയസ്സ് വരെ ക്ലബിനായി കളിക്കുമെന്ന് ഉറപ്പായി. ഒരു വര്‍ഷത്തേക്കാണ് താരത്തിന്റെ കരാര്‍ ദൈര്‍ഘിപ്പിക്കുവാന്‍ കെന്റ് തീരൂമാനിച്ചിരിക്കുന്നത്.

ഈ വര്‍ഷം ആദ്യം കെന്റിന്റെ ചരിത്രത്തിൽ തന്നെ മൂന്ന് ഫോര്‍മാറ്റിലുമായി ഒരു സീസണിൽ ആയിരം റൺസും നൂറ് വിക്കറ്റും നേടുന്ന ആദ്യ താരമെന്ന ബഹുമതി സ്റ്റീവന്‍സ് സ്വന്തമാക്കിയിരുന്നു. 2005ൽ ആണ് സ്റ്റീവന്‍സ് കെന്റിലെത്തുന്നത്. തുടര്‍ന്ന് 600ലധികം മത്സരങ്ങളിൽ താരം ഫ്രാഞ്ചൈസിയ്ക്കായി കളിച്ചു.

2019ൽ താരത്തെ ക്ലബിൽ നിന്ന് റിലീസ് ചെയ്യുമെന്ന ഘട്ടത്തിൽ യോര്‍ക്ക്ഷയറിനെതിരെ ഇരട്ട ശതകം ഉള്‍പ്പെടെ ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. ഇത് കൂടാതെ കൗണ്ടി സീസണിന്റെ രണ്ടാം പകുതിയിൽ 91 വിക്കറ്റും താരം നേടി.

തന്റെ മികച്ച ഫോം തുടരുവാന്‍ അവസരം നല്‍കിയതിൽ കെന്റിനോട് നന്ദിയുണ്ടെന്നും അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും സ്റ്റീവന്‍സ് വ്യക്തമാക്കി.