ആന്റിഗ്വയിലെ തന്റെ മികവാര്‍ന്ന പ്രകടനം സബീന പാര്‍ക്കിലും ആവര്‍ത്തിക്കാനാകുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്ന് അറിയിച്ച് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും മധ്യ നിര താരവുമായ അജിങ്ക്യ രഹാനെ. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശതകം നേടിയപ്പോള്‍ രഹാനെ തന്റെ കരിയറിലെ പത്താം ശതകമാണ് നേടിയത്. ആന്റിഗ്വയില്‍ 81, 102 എന്നിങ്ങനെയായിരുന്നു ആദ്യ ടെസ്റ്റില്‍ രഹാനെയുടെ സ്കോര്‍. 381 റണ്‍സ് വിജയം ഇന്ത്യ നേടിയപ്പോള്‍ ബാറ്റിംഗിലെ നിര്‍ണ്ണായക സാന്നിദ്ധ്യമായി മാറിയത് രഹാനെ ആയിരുന്നു.
തന്റെ പത്താം ശതകം വളരെ പ്രത്യേകത നിറഞ്ഞതാണെന്നാണ് താന്‍ കരുതുന്നതെന്ന് രഹാനെ പറഞ്ഞു. താന്‍ ഒരു പ്രത്യേക ആഘോഷവും ചിന്തിച്ചിരുന്നില്ലെന്നും ആ ആഘോഷ പ്രകടനം താനെ വന്നതാണെന്നും താന്‍ ഇത്തിരി വികാര നിര്‍ഭരനായെന്നും രഹാനെ വ്യക്തമാക്കി. രണ്ട് വര്‍ഷമാണ് താന്‍ ശതകമില്ലാതെ കളിച്ചത്. ഓരോ മത്സരങ്ങള്‍ക്കും മുമ്പും ശേഷവുമുള്ള തയ്യാറെടുപ്പുകള്‍ ഒന്നും ഇന്നും ഒരുപോലെയാണ്, താന്‍ രണ്ട് വര്‍ഷമായി ഈ തയ്യാറെടുപ്പുകളെല്ലാം നടത്തി വരികയാണെന്നും രഹാനെ പറഞ്ഞു.
25/3 എന്ന നിലയില്‍ ഇന്ത്യ തകര്‍ന്നപ്പോളാണ് രഹാനെ ടീമിന്റെ രക്ഷയ്ക്കെത്തിയത്. കൂട്ടുകെട്ടുകള്‍ പുറത്തെടുക്കുക എന്നതായിരുന്നു പ്രധാനമെന്നും കോഹ്‍ലിയ്ക്കും വിഹാരിയ്ക്കും ഒപ്പം തനിക്ക് മികവ് പുലര്‍ത്താനായതും ടീമിന് ഏറെ ഗുണം ചെയ്തുവെന്ന് രഹാനെ പറഞ്ഞു.