സി കെ നായിഡു ട്രോഫി: പഞ്ചാബിനെതിരെ കേരളം 202 റൺസിന് പുറത്ത്

Newsroom

Cricket
Download the Fanport app now!
Appstore Badge
Google Play Badge 1

ചണ്ഡീഗഢ് : 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി കെ നായിഡു ട്രോഫിയിൽ പഞ്ചാബിനെതിരെ കേരളം ആദ്യ ഇന്നിങ്സിൽ 202 റൺസിന് പുറത്ത്. 79 റൺസെടുത്ത ഓപ്പണർ എ കെ ആകർഷ് മാത്രമാണ് കേരള ബാറ്റിങ് നിരയിൽ തിളങ്ങിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹർജാസ് സിങ്ങിൻ്റെ പ്രകടനമാണ് കേരളത്തെ തകർത്തത്. മറുപടി ബാറ്റിങ് തുടങ്ങിയ പഞ്ചാബ് കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ ഒൻപത് റൺസെന്ന നിലയിലാണ്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു. 41 റൺസെടുക്കുന്നതിനിടെ കേരളത്തിന് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. കാർത്തിക് ഏഴും വരുൺ നായനാർ എട്ടും പവൻ ശ്രീധർ അഞ്ചും റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ കാമിൽ അബൂബക്കറും എ കെ ആകർഷും ചേർന്നാണ് കേരളത്തെ കരകയറ്റിയത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 67 റൺസ് കൂട്ടിച്ചേർത്തു. കേരളത്തിൻ്റെ ഇന്നിങ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇത് തന്നെ ആയിരുന്നു. 31 റൺസെടുത്ത കാമിലിനെ പുറത്താക്കി ഇമാൻജ്യോത് സിങ്ങാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്.

തുടർന്നെത്തിയ ആസിഫ് അലിയും ആകർഷിന് മികച്ച പിന്തുണയായി. ഇരുവരും ചേർന്ന് 62 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 19 റൺസെടുത്ത ആസിഫ് അലി പുറത്തായതോടെ കേരളത്തിൻ്റെ ബാറ്റിങ് തകർച്ചയ്ക്ക് തുടക്കമായി. തൊട്ടുപിറകെ 79 റൺസെടുത്ത ആകർഷും പുറത്തായി. ഹർജാസ് സിങ്ങാണ് ആകർഷിനെ പുറത്താക്കിയത്. ഒൻപത് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു ആകർഷിൻ്റെ ഇന്നിങ്സ്. തുടർന്നെത്തിയ ക്യാപ്റ്റൻ അഭിജിത് പ്രവീൺ പത്തും വിജയ് വിശ്വനാഥ് ഒൻപതും റൺസെടുത്ത് മടങ്ങി. ആറ് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളും നഷ്ടമായതോടെ 202 റൺസിന് കേരളം ഓൾ ഔട്ടായി. അഞ്ച് വിക്കറ്റിന് 170 റൺസിൽ നിന്നാണ് 202ലേക്ക് കേരളം തകർന്നടിഞ്ഞത്. അഞ്ച് വിക്കറ്റെടുത്ത ഹർജാസ് സിങ്ങിന് പുറമെ ഗർവ് കുമാർ, ഇമാൻജ്യോത് സിങ് ചഹൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.