അഫ്ഗാനിസ്ഥാന് വേണ്ടി ആദ്യ ഇരട്ട ശതക നേട്ടം പൂര്‍ത്തിയാക്കാനായതില്‍ സന്തോഷം – ഷഹീദി

Sports Correspondent

അഫ്ഗാനിസ്ഥാന്റെ സിംബാബ്‍വേയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റ് വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചതില്‍ ഒരു താരം ഹഷ്മത്തുള്ള ഷഹീദി ആയിരുന്നു. ടീമിന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യത്തെ ഇരട്ട ശതക നേട്ടക്കാരനായി ഷഹീദി മാറുകയായിരുന്നു. താരം ഇരട്ട ശതകം നേടിയ ഉടനെ തങ്ങളുടെ ആദ്യ ഇന്നിംഗ്സ് 545/4 എന്ന നിലയില്‍ അഫ്ഗാനിസ്ഥാന്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

തനിക്കും തന്റെ കുടുംബത്തിനും രാജ്യത്തിനും ഈ നേട്ടം വലിയ അഭിമാനം നല്‍കുന്ന ഒന്നാണെന്നും തനിക്ക് ഭാവിയിലും അഫ്ഗാനിസ്ഥാന് വേണ്ടി ഇത് പോലെ മികച്ച ഇന്നിംഗ്സുകള്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഷഹീദി പറഞ്ഞു. തന്റെ നായകന്‍ അസ്ഗര്‍ അഫ്ഗാന്‍ തനിക്ക് മികച്ച ആത്മവിശ്വാസമാണ് നല്‍കിയതെന്നും ഷഹീദി വ്യക്തമാക്കി. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 307 റണ്‍സാണ് നേടിയത്.

ബാറ്റ്സ്മാന്മാരുടെ മാറിയ മൈന്‍ഡ് സെറ്റാണ് രണ്ടാം ടെസ്റ്റില്‍ അഫ്ഗാനിസ്ഥാന് കൂറ്റന്‍ സ്കോര്‍ നേടിക്കൊടുക്കുവാന്‍ സഹായിച്ചതെന്നും ഷഹീദ് വ്യക്തമാക്കി. ആദ്യ മത്സരത്തില്‍ ബാറ്റ്സ്മാന്മാര്‍ മോശം ഷോട്ട് കളിച്ചാണ് പുറത്തായതെങ്കില്‍ അത് രണ്ടാം ടെസ്റ്റില്‍ ഉണ്ടാകരുതെന്ന് കൃത്യമായി തങ്ങള്‍ തീരുമാനിച്ചിരുന്നുവെന്നും ഷഹീദി പറഞ്ഞു.