പാകിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യൻ നീല പട

- Advertisement -

ബസ്റ്മാൻമാർ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരത്തിൽ പാകിസ്താനെ 124 റൺസിന്‌ തകർത്ത് ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കു വിജയത്തുടക്കം.  മഴ രസംകൊല്ലിയായ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യ വിജയം ഉറപ്പിച്ചത്. ടോസ് നേടി ഇന്ത്യയെ ബാറ്റിങിനയച്ച പാകിസ്ഥാൻ ക്യാപ്റ്റന്റെ തീരുമാനം തെറ്റാണെന്നു തെളിയിക്കുന്ന പ്രകടനമാണ് ഇന്ത്യൻ ഓപ്പണന്മാർ നടത്തിയത്. ആദ്യ നാലു ഇന്ത്യൻ ബാറ്റ്സ്മാരും അർദ്ധ ശതകം നേടിയപ്പോൾ ഇന്ത്യ 48 ഓവറിൽ വെറും 3 വിക്കറ്റ് നഷ്ട്ട്ടത്തിൽ 319 റൺസാണ് നേടിയത്.  മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ ഡി എൽ എസ് നിയമപ്രകാരം 41 ഓവറിൽ 289  റൺസാണ് വിജയിക്കാനാവശ്യമായിരുന്നത്. എന്നാൽ 33.4 ഓവറിൽ 164 റൺസിന്‌ എല്ലാരും ഔട്ട് ആവുകയായിരുന്നു. ഇന്ത്യക്ക് 124 റൺസിന്റെ ഉജ്ജ്വല ജയം.  യുവരാജ് സിങാണ് മാൻ ഓഫ് ദി മാച്ച്.

ഇന്ത്യ ആഗ്രഹിച്ച സ്വപ്ന തുടക്കമാണ് ശിഖർ ധവാനും രോഹിത് ശർമയും ഇന്ത്യക്ക് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 136 റൺസാണ് കൂട്ടിച്ചേർത്തത്.  ഷഹദാബ് ഖാന്റെ പന്തിൽ പുറത്താവുമ്പോൾ ധവാൻ 68 റൺസ് എടുത്തിരുന്നു. തുടർന്ന് വന്ന കോഹ്‌ലി പാകിസ്താൻ ബൗളർമാരെ അടിച്ചൊതുക്കിയപ്പോൾ ഇന്ത്യൻ സ്കോർ കുതിച്ചുയർന്നു. സെഞ്ചുറിക്ക് 9 റൺസ് അകലെ വെച്ച് രോഹിത് ശർമ്മ പുറത്താവുമ്പോൾ ഇന്ത്യൻ സ്കോർ 200നോട് അടുത്തിരുന്നു.  തുടർന്ന് വന്നു യുവരാജ് സിങ് പാകിസ്ഥാൻ ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ച് 32 പന്തിൽ അതിവേഗം 53 റൺസ് നേടി. അവസാന ഓവറുകളിൽ കോഹ്‌ലിയും പാണ്ട്യയും തകർത്താടിയപ്പോൾ ഇന്ത്യൻ സ്കോർ 300 കടന്നു. 68 പന്തിൽ 81 റൺസ് എടുത്ത കോഹ്‌ലിയും അവസാന ഓവറിലെ മൂന്ന് സിക്സ് അടക്കം 8 പന്തിൽ 20 റൺസ് എടുത്ത പാണ്ട്യയും ഇന്ത്യക്ക് മികച്ച സ്കോർ നേടിക്കൊടുത്തു. പാകിസ്താന്റെ മോശം ഫീൽഡിങ്ങും ഇന്ത്യക്ക് ഗുണപരമായി.  പാകിസ്താന് വേണ്ടി ഷഹദാബ് ഖാനും ഹസൻ അലിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് അസർ അലി അർദ്ധ ശതകം നേടി സാമാന്യം ബേധപെട്ട തുടക്കം നൽകിയെങ്കിലും  മറ്റുള്ളവർക്കു ആർക്കും തിളങ്ങാനായില്ല. 50 റൺസ് എടുത്താണ് അസർ അലി പുറത്തായത്. മധ്യ നിരയിൽ മുഹമ്മദ് ഹഫീസ് മാത്രമാണ് കുറച്ചെങ്കിലും പൊരുതി നോക്കിയത്. 33 റൺസാണ് ഹഫീസ് എടുത്തത്. ഇന്ത്യയുടെ ഫീൽഡിങ് മോശമായിരുന്നെങ്കിലും അതൊന്നും മത്സരത്തിൽ മുതലാക്കാൻ പാകിസ്താനായില്ല.  ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് 30 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ പാണ്ട്യയും ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേഷ് കുമാർ ഒരു വിക്കറ്റ് നേടി.

വ്യാഴാഴ്‌ച ശ്രീലങ്കക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement