വീണ്ടും മിന്നും പ്രകടനവുമായി വിശ്വജിത്ത് ബാഹുലേയന്‍, ഷൈന്‍സ് ക്രിക്കറ്റ് അക്കാദമിയെ പരാജയപ്പെടുത്തി ടിസിയു

Sports Correspondent

ഷൈന്‍സ് ക്രിക്കറ്റ് അക്കാദമിയെ പരാജയപ്പെടുത്തി ട്രാവന്‍കൂര്‍ ക്രിക്കറ്റിംഗ് യൂണിയന്‍. ഇന്ന് സെലസ്റ്റിയൽ ട്രോഫിയുടെ ഭാഗമായി നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ടിസിയു 265/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ഷൈന്‍സ് ക്രിക്കറ്റ് അക്കാദമിയ്ക്ക്  7 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ്  മാത്രമേ നേടാനായുള്ളു. 109 റൺസിന്റെ വിജയം ആണ് ടിസിയു നേടിയത്.

Viswajithbahuleyan

44 പന്തിൽ 84 റൺസ് നേടിയ  വിശ്വജിത്ത് ബാഹുലേയനൊപ്പം എഡ്സൺ ഡാ സിൽവയും(50), വി അരുണും(47*) ബാറ്റിംഗിൽ തിളങ്ങിയപ്പോള്‍ ടിസിയു 265/5 എന്ന മികച്ച സ്കോറാണ് 30 ഓവറിൽ നേടിയത്. ശിവസൂര്യ(26), വിനോ സുരേഷ്(28*) എന്നിവരും നിര്‍ണ്ണായക സംഭാവന നൽകി.

ഷൈന്‍സ് നിരയിൽ 53 റൺസ് നേടിയ കെഎസ് സച്ചിന്‍ ആണ് ടോപ് സ്കോറര്‍. ശരത്ചന്ദ്രപ്രസാദ് 27 റൺസും ഹൃഷികേഷ് 23 റൺസും നേടി.

ടിസിയു ബൗളിംഗിൽ ആര്‍എ അരുൺ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ വിശ്വജിത്ത്, ആഷിഫ് അഹമ്മദ്, എംആര്‍ പത്മനാഭന്‍ എന്നിവരും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.