സെലസ്റ്റ്യല്‍ ട്രോഫിയില്‍ ഷൈന്‍സ് ക്രിക്കറ്റ് ക്ലബ്ബിനു 17 റണ്‍സ് വിജയം. പാക്കേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെതിരെയാണ് ഷൈന്‍സ് 17 റണ്‍സിന്റെ വിജയം കുറിച്ചത്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഷൈന്‍സ് 148/9 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാക്കേഴ്സ് 131 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 5 വിക്കറ്റ് നേട്ടവുമായി ഷൈന്‍സിന്റെ ശരത് ചന്ദ്ര പ്രസാദ് ആണ് പാക്കേഴ്സിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്. 6 ഓവര്‍ എറിഞ്ഞ ശരത് 17 റണ്‍സ് മാത്രം വിട്ടു നല്‍കിയാണ് അഞ്ച് വിക്കറ്റ് കൊയ്തത്. എഡ്വിന്‍ ഡെന്നിസ് ജോസഫ്, ബാലഭാസ്കര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും ഷൈന്‍സിനായി നേടി.
26.1 ഓവറില്‍ അവസാനിച്ച പാക്കേഴ്സ് ഇന്നിംഗ്സില്‍ 30 റണ്‍സ് നേടി പുറത്താകാതെ നിന്ന അന്‍ഷാദും 27 പന്തില്‍ നിന്ന് 34 റണ്‍സ് നേടിയ ശ്രീകുമാറുമാണ് ഇന്നിംഗ്സിനു മാന്യത നല്‍കിയത്. അവസാന വിക്കറ്റില്‍ പൊരുതി ഇരുവരും ചേര്‍ന്ന് 44 റണ്‍സ് നേടിയെങ്കിലും വിജയത്തിനു 17 റണ്‍സ് അകലെ വരെ മാത്രമേ ടീമിനു എത്താനായുള്ളു. പാക്കേഴ്സിനായി 22 റണ്‍സ് നേടിയ ഗോകുല്‍ ആണ് മറ്റൊരു പ്രധാന സ്കോറര്‍.
48 റണ്‍സ് നേടിയ ആദിത്യയുടെയും 27 റണ്‍സ് നേടി പുറത്താകാതെ നിന്ന ഋഷികേശിന്റെയും ബാറ്റിംഗ് മികവിലാണ് ഷൈന്‍സ് ക്രികക്റ്റ് ക്ലബ്ബ് ആദ്യം ബാറ്റ് ചെയ്ത് 148 റണ്‍സ് നേടിയത്. പാക്കേഴ്സിനായി അനീഷ് മൂന്നും ആനന്ദ് രണ്ടും വിക്കറ്റ് നേടി.