റൈഫി വിന്‍സെന്റും വിഎ ജഗദീഷും അടങ്ങിയ പേര് കേട്ട ബാറ്റിംഗ് നിര കൈവിട്ടുവെങ്കിലും കെജെ രാകേഷിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ വിജയം കുറിച്ച് എസ്ബിഐ എ ടീം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത എസ്ബിഐ 135 റണ്‍സിന് 23.4 ഓവറില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. 29 റണ്‍സുമായി സിവി വിനോദ് കുമാര്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. വിഎ ജഗദീഷ് 19 റണ്‍സ് നേടി പുറത്തായി.
സിഎം തേജസ്(11), ആകാശ്(13), റൈഫി(8) എന്നിവരും വേഗത്തില്‍ പുറത്തായപ്പോള്‍ ഒരു ഘട്ടത്തില്‍ 68/5 എന്ന നിലയിലേക്ക് എസ്ബിഐ ടീം വീണിരുന്നു. ബോയ്സിന്റെ യുവ താരം 15 വയസ്സുകാരന് ജിഎച്ച് നിരഞ്ജനാണ് എസ്ബിഐയെ പ്രശ്നത്തിലാക്കിയത്. താരം 18 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് തന്റെ അഞ്ചോവറില്‍ നിന്ന് 4 വിക്കറ്റ് നേടിയത്. അനന്തു 2 വിക്കറ്റും ബോയ്സിനായി നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ബോയ്സ് കെജെ രാകേഷിന്റെ ബൗളിംഗിന് മുന്നില്‍ വെള്ളം കുടിയ്ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മധ്യനിരയില്‍ നസീംഷാ(23), നസീര്‍(20), രവിശങ്കര്‍(20*) എന്നിവരെല്ലാം പൊരുതി നോക്കിയെങ്കിലും 25 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സേ ബോയ്സിനെ നേടുവാനായുള്ളു. 5 ഓവറില്‍ 33 റണ്‍സ് വഴങ്ങിയാണ് രാകേഷ് തന്റെ 7 വിക്കറ്റ് വീഴ്ത്തിയത്. വിഎ ജഗദീഷിന് ഒരു വിക്കറ്റ് ലഭിച്ചു.