മുഹമ്മദ് അസ്ഹറുദ്ദീന്‍ കളിയിലെ താരം, എസ്ബിഐ എ ടീമിനെ മറികടന്ന് പ്രതിഭ സിസി ആദ്യ ഘട്ട ജേതാക്കള്‍

സെലസ്റ്റിയല്‍ ട്രോഫിയുടെ ചാമ്പ്യന്‍ഷിപ്പ് റൗണ്ടിന് മുന്നോടിയായി നടത്തിയ ആദ്യ ഘട്ട റൗണ്ട് ഫൈനലില്‍ ജേതാക്കളായി കൊട്ടാരക്കര പ്രതിഭ സിസി. ഇന്ന് മുഹമ്മദ് അസ്ഹറുദ്ദീനൊപ്പം ബേസില്‍ മാത്യുവും അക്വിബ് ഫസലും തിളങ്ങിയപ്പോള്‍ എസ്ബിഐ എ ടീം നല്‍കിയ 153 റണ്‍സെന്ന വിജയ ലക്ഷ്യം പ്രതിഭ 25.4 ഓവറില്‍ മറികടക്കുകയായിരുന്നു. വിഷ്ണു വിനോദ് 18 റണ്‍സുമായി പുറത്താകാതെ നിന്നു.

മുഹമ്മദ് അസ്ഹറുദ്ദീന്‍ 49 റണ്‍സും ബേസില്‍ മാത്യു 40 റണ്‍സും നേടിയപ്പോള്‍ അക്വിബ് ഫസല്‍ 32 റണ്‍സുമായി പുറത്താകാതെ ടീമിനെ ഏഴ് വിക്കറ്റ് ജയത്തിലേക്ക് നയിക്കുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത എസ്ബിഐ നിരയില്‍ അര്‍ദ്ധ ശതകം നേടിയ അഭിരാം മാത്രമാണ് ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത്. അഭിരാം 51 റണ്‍സ് നേടി പുറത്തായ ശേഷം 112/8 എന്ന നിലയിലായിരുന്ന ടീമിനെ മാന്യമായ സ്കോറിലേക്ക് നയിച്ചത് ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ അനില്‍ കുമാറും അനീഷും ചേര്‍ന്നാണ്.

ഇന്നിംഗ്സിലെ അവസാന പന്തില്‍ 20 റണ്‍സ് നേടിയ അനില്‍കുമാര്‍ പുറത്താകുന്നതിന് മുമ്പ് കൂട്ടുകെട്ട് 40 റണ്‍സാണ് നേടിയത്. അനീഷ് 19 റണ്‍സ് നേടി. പ്രതിഭയ്ക്ക് വേണ്ടി പികെ മിഥുന്‍ മൂന്ന് വിക്കറ്റും ശ്രീരാജ് രവീന്ദ്രന്‍ രണ്ട് വിക്കറ്റും നേടുകയായിരുന്നു.

Previous articleമഴ കളി മുടക്കി, അണ്ടർ 19 ലോകകപ്പ് ആവേശകരമായ അന്ത്യത്തിലേക്ക്‌
Next articleസ്വന്തം മൈതാനത്ത് ദുർബലരോട്  നാപോളിക്ക് തോൽവി