സഫയര്‍ കൊല്ലത്തിന്റെ ജൈത്രയാത്രയ്ക്ക് വിരാമമിട്ട് മുത്തൂറ്റ് യംഗ് ചലഞ്ചേഴ്സ് നോര്‍ത്ത് പറവൂര്‍. അവസാന ഓവറുകള്‍ വരെ വാശിയേറിയ പോരാട്ടം നടന്ന മത്സരത്തില്‍ കബീറിന്റെ ഇന്നിംഗ്സാണ് വൈസിസിയുടെ രക്ഷയ്ക്കെത്തിയത്. മത്സരത്തില്‍ ടോസ് നേടിയ സഫയര്‍ ക്രിക്കറ്റ് ക്ലബ്ബ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടൂര്‍ണ്ണമെന്റില്‍ രണ്ട് ശതകം നേടിയ ജാക്സണ്‍ ക്ലീറ്റസിനെ ആദ്യ ഓവറില്‍ തന്നെ പുറത്താക്കി കബീര്‍ യംഗ് ചലഞ്ചേഴ്സിനു മികച്ച തുടക്കമാണ് നല്‍കിയത്. ശ്യാം കുട്ടനെ ശരത്തും അര്‍ജ്ജുനെ കബീറും പുറത്താക്കിയപ്പോള്‍ 7/3 എന്ന നിലയില്‍ സഫയറിന്റെ സ്ഥിതി പരുങ്ങലിലായി.
പിന്നീട് ജിഷ്ണു പുറത്താകാതെ നേടിയ 75 റണ്‍സാണ് സഫയറിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. ജിഷ്ണുവിനു കൂട്ടായി രാഹുല്‍ കൃഷ്ണനും(20) സുല്‍ഫിക്കറും(16) നിര്‍ണ്ണായകമായ സംഭാവനകളാണ് നല്‍കിയത്. 28 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് സഫയര്‍ നേടിയത്. കബീര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ശരത്ത് രണ്ട് വിക്കറ്റുമായി യംഗ് ചലഞ്ചേഴ്സിനു വേണ്ടി മികവ് പുലര്‍ത്തി.
135 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുത്തൂറ്റ് വൈസിസിയ്ക്ക് കാര്യങ്ങള്‍ അത്ര സുഗമമല്ലായിരുന്നു. എവിന്‍ ബിജു 41 റണ്‍സുമായി ഒരറ്റത്ത് പിടിച്ച് നിന്നപ്പോളും മറുവശത്ത് വിക്കറ്റുകള്‍ വീഴുന്നത് ക്യാമ്പില്‍ പരിഭ്രാന്തി പരത്തി. ഒരു ഘട്ടത്തില്‍ 83/2 എന്ന നിലയില്‍ നിന്ന് 108/7 എന്ന നിലയിലേക്ക് വൈസിസി വീണിരുന്നു. മാത്യു കുരികേശ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ രാഹുല്‍ കൃഷ്ണന്‍ രണ്ട് വിക്കറ്റുമായി സഫയറിനു വേണ്ടി തിളങ്ങി.
ഏഴാം വിക്കറ്റ് വീഴുമ്പോള്‍ 28 പന്തില്‍ നിന്ന് 27 റണ്‍സായിരുന്നു വൈസിസിക്ക് നേടേണ്ടിയിരുന്നത്. 16 പന്തില്‍ നിന്ന് 2 സിക്സുകളും ഒരു ബൗണ്ടറിയും സഹിതം 29 റണ്‍സ് നേടിയ കബീറിന്റെ ബാറ്റിംഗ് പ്രകടനം ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. കബീര്‍ തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial