സെലസ്റ്റിയൽ ട്രോഫിയിൽ മുത്തൂറ്റ് മൈക്രോഫിന്‍ സിസിയ്ക്ക് വിജയം. അവസാന പന്തിൽ വിജയത്തിനായി രണ്ട് റൺസ് നേടേണ്ടിയിരുന്ന മുത്തൂറ്റ് മൈക്രോഫിന്‍ വിജയം നേടുകയായിരുന്നു. ചാമ്പ്യന്‍സ് റൗണ്ടിൽ ഗ്രൂപ്പ് സി മത്സരത്തിൽ പ്രതിഭ സിസിയെ ആണ് മുത്തൂറ്റ് മൈക്രോഫിന്‍ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പ്രതിഭ സിസി 30 ഓവറിൽ 175 റൺസാണ് 9 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.
55 റൺസുമായി ശ്രീകാന്ത് പുറത്താകാതെ നിന്നപ്പോള്‍ രാഹുല്‍ ദേവ് 34 റൺസും കെഎ അരുൺ 29 റൺസും നേടി. മുത്തൂറ്റ് മൈക്രോഫിനിനായി ബാലു ബാബു 3 വിക്കറ്റും അനൂപ്, നിഖിൽ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.
മുത്തൂറ്റ് മൈക്രോഫിനിനായി ആകാശ് പിള്ള – സഞ്ജയ് രാജ് കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ 84 റൺസാണ് നേടിയത്. എന്നാൽ പിന്നീട് വിക്കറ്റുകളുമായി പ്രതിഭ സമ്മര്‍ദ്ദം സൃഷ്ടിച്ചു. 26 റൺസ് നേടിയ ആകാശിനെയും 66 റൺസ് നേടിയ സഞ്ജയിനെയും എസ് അശ്വന്ത് പുറത്താക്കിയപ്പോള്‍ മുത്തൂറ്റ് മൈക്രോഫിന്‍ 84/0 എന്ന നിലയിൽ നിന്ന് 96/2 എന്ന നിലയിലേക്ക് വീണു.
ആൽബിന്‍ ഏലിയാസ് പുറത്താകാതെ 36 റൺസുമായി ടീമിന്റെ വിജയം ഉറപ്പാക്കിയപ്പോള്‍ സഞ്ജു സഞ്ജീവും 25 റൺസ് നേടി നിര്‍ണ്ണായക സംഭാവന നൽകി. പികെ 28ാം ഓവറിൽ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ലക്ഷ്യം 2 ഓവറിൽ 19 റൺസായിരുന്നു.
29ാം ഓവറിൽ ആൽബിന്‍ ഷറഫുദ്ദീനെതിരെ രണ്ട് ബൗണ്ടറി നേടിയതോടെ അവസാന ഓവറി ൽ ലക്ഷ്യം 7 റൺസായി മാറി. രഞ്ജിത് രവീന്ദ്രന്‍ മത്സരം അവസാന പന്ത് വരെ കൊണ്ടെത്തിച്ചുവെങ്കിലും മുത്തൂറ്റ് മൈക്രോഫിനിന്റെ വിജയം തടയാന്‍ ആയില്ല. ആൽബിനാണ് കളിയിലെ താരം.