മുരുഗന്‍ സിസിയെ വിജയത്തിലേക്ക് നയിച്ച് കപില്‍ തോമര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ലക്ഷ്യം വെറും 122 റണ്‍സ്. എന്നാല്‍ മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ചേസിംഗ് അത്ര സുഗമമല്ലായിരുന്നു. രണ്ടാം പന്ത് മുതല്‍ വിക്കറ്റുകള്‍ നഷ്ടമായ മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബിനെ ഒരു വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത് കപില്‍ തോമറിന്റെ ചെറുത്ത്നില്പായിരുന്നു. തന്റെ 23 റണ്‍സ് നേടാന്‍ 50 പന്തുകള്‍ നേരിട്ടുവെങ്കിലും തോമര്‍ പുറത്താകാതെ ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. ഓപ്പണര്‍ ഷെബാബ് സലീം(27), വിഷ്ണു ദത്ത്(23) എന്നിവരാണ് ശ്രദ്ധേയമായ പ്രകടനവുമായി കപിലിനു പിന്തുണ നല്‍കിയത്. ഒരു ഘട്ടത്തില്‍ 38/5 എന്ന നിലയിലായിരുന്നു മുരുഗന്‍ സിസി. സലീം ആറാം വിക്കറ്റായി പുറത്താകുമ്പോള്‍ സ്കോര്‍ 53. പിന്നീട് ഏഴാം വിക്കറ്റില്‍ 36 റണ്‍സ് നേടിയ കപില്‍-വിഷ്ണു കൂട്ടുകെട്ടാണ് വിജയമെന്ന പ്രതീക്ഷ വീണ്ടും മുരുഗന്‍ ക്യാമ്പില്‍ കൊണ്ടുവന്നത്. 9ാം വിക്കറ്റ് നഷ്ടമാവുമ്പോള്‍ വിജയം 6 റണ്‍സ് അകലെയായിരുന്നുവെങ്കിലും ക്രിസ്റ്റ്യന്‍ ബ്രദേഴ്സ് ബൗളര്‍മാര്‍ക്ക് മുന്നില്‍ പ്രതിരോധം തീര്‍ത്ത് കപില്‍ തോമര്‍ മുരുഗന്‍ സിസിയെ ഒരു വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. ക്രിസ്റ്റ്യന്‍ ബ്രദേഴ്സിനു വേണ്ടി ഫര്‍ഹാനും പ്രിജിനും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ക്രിസ്റ്റ്യന്‍ ബ്രദേഴ്സിനു മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാര്‍ 57 റണ്‍സിന്റെ തുടക്കം നല്‍കിയ ശേഷമാണ് ക്രിസ്റ്റ്യന്‍ ബ്രദേഴ്സ് ബാറ്റിംഗ് നിര തകര്‍ന്നത്. ജിജോ ജോര്‍ജ്ജ് 42 റണ്‍സ് നേടി മികച്ച ഫോമിലാണ് ബാറ്റ് വീശിയത്. 57/0 എന്ന നിലയില്‍ നിന്ന് 87/6 എന്ന നിലയിലേക്കും പിന്നീട് 121 റണ്‍സിനും ടീം ഓള്‍ഔട്ട് ആവുകയായിരുന്നു.

രണ്ട് വീതം വിക്കറ്റുമായി സുനില്‍, വിജിത്ത് കുമാര്‍, ശ്രീജിത്ത്, അഭിജിത്ത്, അനുവിന്ദ് എന്നിവര്‍ മുരുഗന്‍ സിസിയ്ക്കായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial