23ാമത് സെലസ്റ്റിയല്‍ ട്രോഫിയില്‍ ആദ്യ ദിവസത്തെ മത്സരങ്ങളില്‍ ജയം സ്വന്തമാക്കി ബ്ലൂ ജെറ്റ്സ് സിസിയും ബോയ്സ് സിസിയും. ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ സ്കൈസ് സിസിയ്ക്കെതിരെ 7 വിക്കറ്റ് ജയമാണ് ബ്ലൂ ജെറ്റ്സ് നേടിയത്. രണ്ടാം മത്സരത്തില്‍ ട്രാവന്‍കൂര്‍ ടൈറ്റന്‍സ് സിസിയ്ക്കെതിരെ 4 വിക്കറ്റ് ജയമാണ് ബോയ്സ് സിസി നേടിയത്.
ആദ്യ മത്സരത്തില്‍ ടോസ് നേടിയ സ്കൈസ് സിസി ബാറ്റിംഗ് തിരഞ്ഞെടുത്തു. 24.4 ഓവറില്‍ 131 റണ്‍സിനു ഓള്‍ഔട്ട് ആയി സ്കൈസിനു വേണ്ടി വിജീഷ് കമാര്‍(37) മാത്രമാണ് ബാറ്റിംഗില്‍ തിളങ്ങിയത്. ബ്ലൂ ജെറ്റ്സിനായി വിനീത് മൂന്നും ശ്രീജിത്ത്, അജി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ബ്ലൂ ജെറ്റ്സ് 14.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഏഴാം ഓവറില്‍ ഒത്തുകൂടിയ നാലാം വിക്കറ്റ് കൂട്ടുകെട്ടായ വിനീഷ്(46*)-സതീഷ്(35*) നേടിയ 88 റണ്‍സ് കൂട്ടുകെട്ടാണ് മത്സരം ബ്ലൂ ജെറ്റ്സിനു അനുകൂലമാക്കിയത്. ഓപ്പണര്‍ ഹരികൃഷ്ണന്‍ 31 റണ്‍സ് നേടി.
സ്കൈസ് സിസിയ്ക്കായി പ്രതീഷ് രണ്ട് വിക്കറ്റ് നേടി.
ബോയ്സ് സിസിയ്ക്കും വിജയത്തുടക്കം
ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ട്രാവന്‍കൂര്‍ ടൈറ്റന്‍സ് സിസി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. നിശ്ചിത 30 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ടീം 187 റണ്‍സ് നേടുകയായിരുന്നു. മണികണ്ഠന്‍(41), എല്‍ദോസ് രാജു(43) എന്നിവരാണ് ബാറ്റിംഗ് ടീമിനായി തിളങ്ങിയത്. ബോയ്സ് സിസിയ്ക്ക് വേണ്ടി സിബി അലക്സും അശ്വിന്‍ കൃഷ്ണയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ബോയ്സ് സിസിയ്ക്കായി ബെര്‍ലിന്‍ തോമസ്(സുജി) നടത്തിയ ഒറ്റയാള്‍ പ്രകടനമാണ് ടീമിനെ 25.2 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കാന്‍ സഹായിച്ചത്. 66 പന്തില്‍ നിന്ന് 107 റണ്‍സ് നേടിയ സുജി 10 ബൗണ്ടറിയും 5 സിക്സും തന്റെ ഇന്നിംഗ്സില്‍ നേടി. ജിഷ്ണു(26) ആണ് ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത മറ്റൊരു ബാറ്റ്സ്മാന്‍.
ട്രാവന്‍കൂര്‍ ടൈറ്റന്‍സ് സിസിയ്ക്കായി ആല്‍ബിന്‍ എസ് ഡേവിഡ് മൂന്ന് വിക്കറ്റ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial