അവസാന ഓവറില്‍ ജയിക്കുവാന്‍ 16 റണ്‍സ്, ബെനിക്സിനെ വിജയത്തിലേക്ക് നയിച്ച് മാധവന്‍

Sports Correspondent

സെലസ്റ്റിയല്‍ ട്രോഫിയില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ആവേശകരമായ വിജയം കരസ്ഥമാക്കി ബെനിക്സ്. 45 റണ്‍സുമായി പുറത്താകാതെ നിന്ന് മാധവന്‍ സീറോസിനെതിരെ ആവേശകരമായ രണ്ട് വിക്കറ്റ് വിജയത്തിലേക്ക് ബെനിക്സിനെ നയിച്ചപ്പോള്‍ കളിയിലെ താരമായും മാധവന്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ടു. അവസാന ഓവറില്‍ 16 റണ്‍സ് വിജയത്തിനായി നേടേണ്ടിയിരുന്ന ബെനിക്സിനെ 19 റണ്‍സ് ഓവറില്‍ നിന്ന് നേടിയാണ് മാധവന്‍ രണ്ട് വിക്കറ്റ് വിജയത്തിലേക്ക് എത്തിച്ചത്. 25 ഓവറില്‍ സീറോസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടിയപ്പോള്‍ അത്രയും തന്നെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടാണ് ബെനിക്സ് 172 റണ്‍സ് നേടി വിജയം കുറിച്ചത്.

മാധവന്‍ 22 പന്തില്‍ നിന്ന് 45 റണ്‍സ് നേടിയപ്പോള്‍ ടോപ് ഓര്‍ഡറില്‍ 49 റണ്‍സ് നേടിയ രഞ്ജിത്ത് ആണ് ബെനിക്സ് നിരയില്‍ തിളങ്ങിയത്. സീറോസിന് വേണ്ടി അനൂപ് ഉണ്ണികൃഷ്ണനും ശ്രീജിത്തും 3 വീതം വിക്കറ്റും ആസിഫ് അലി രണ്ട് വിക്കറ്റുമാണ് വീഴ്ത്തിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സീറോസിനായി അനൂപ് ഉണ്ണികൃഷ്ണന്‍ 66 റണ്‍സും ഡില്‍ഫെര്‍ 27 റണ്‍സും നേടുകയായിരുന്നു. 152/4 എന്ന നിലയില്‍ നിന്ന് അവസാന ഓവറുകളില്‍ വെറും 16 റണ്‍സിന് നാല് വിക്കറ്റുകള്‍ നഷ്ടമായതും സീറോസിന് തിരിച്ചടിയായി. ബെനിക്സിന് വേണ്ടി സജിത്, രഞ്ജിത്ത്, മഹാദേവന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.