സെലസ്റ്റിയൽ ട്രോഫി സെമി ഫൈനല്‍ മത്സരങ്ങളിൽ വിജയം കുറിച്ച് ഏജീസ് ഓഫീസും അത്രേയ സിസിയും. ഏജീസ് തൃപ്പൂണിത്തുറ സിസിയെ പരാജയപ്പെടുത്തിയപ്പോള്‍ അത്രേയ മാസ്റ്റേഴ്സ് സിസിയെ ആണ് പരാജയപ്പെടുത്തിയത്. ഇന്ന് നടന്ന ആദ്യ സെമിയിൽ ഏജീസ് ഓഫീസ് തൃപ്പൂണിത്തുറ സിസിയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 30 ഓവറിൽ 312/6 എന്ന കൂറ്റന്‍ സ്കോര്‍ നേടുകയായിരുന്നു.
63 പന്തിൽ രാഹുല്‍ പി 85 റൺസ് നേടിയപ്പോള്‍ അഖിൽ എംഎസ് 24 പന്തിൽ 63 റൺസ് നേടി. വൈശാഖ് ചന്ദ്രന്‍ 41 റൺസും അശ്വിന്‍ ആനന്ദ് 45 റൺസും നേടിയപ്പോള്‍ 5 പന്തിൽ 22 റൺസുമായി മനു കൃഷ്ണനും 39 റൺസ് നേടി അര്‍ജ്ജുന്‍ എകെയും മികച്ച സ്കോറിലേക്ക് ടീമിനെ നയിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ തൃപ്പൂണിത്തുറ സിസി 24.2 ഓവറിൽ 144 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 168 റൺസിന്റെ കൂറ്റന്‍ ജയം ആണ് ഏജീസ് നേടിയത്. ബൗളിംഗിൽ സാലി വി സാംസണും ശ്രീജിത്തും മൂന്ന് വീതം വിക്കറ്റ് ഏജീസിനായി നേടിയപ്പോള്‍ അജിത്തും അഖിലും രണ്ട് വീതം വിക്കറ്റ് നേടി.
രണ്ടാം സെമിയിൽ ഒമ്പത് വിക്കറ്റ് ജയം ആണ് മാസ്റ്റേഴ്സിനെതിരെ അത്രേയ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മാസ്റ്റേഴ്സ് 115 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 42 റൺസ് നേടിയ അനന്തകൃഷ്ണനാണ് ടീമിന്റെ ടോപ് സ്കോറര്‍. അത്രേയയുടെ ആദിത്യ ബൈജു നാലും വിവേക് കെപി, വിഷ്ണു ടിഎം എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയാണ് മാസ്റ്റേഴ്സിനെ പിടിച്ചുകെട്ടിയത്.
ജോഫിന്‍ ജോസിന്റെ 55 പന്തിൽ നിന്നുള്ള 101 റൺസ് അത്രേയയെ മിന്നും വിജയത്തിലേക്ക് നയിക്കുകയായിരുന്നു. താരം 11 ഫോറും 8 സിക്സും അടക്കമാണ് 14.4 ഓവറിൽ 120 റൺസിലേക്ക് അത്രേയയുടെ സ്കോര്‍ എത്തിച്ച് 9 വിക്കറ്റ് ജയവും ഫൈനലിലേക്കുള്ള സ്ഥാനവും കരസ്ഥമാക്കിയത്.