കൊറോണ മൂലം ക്രിക്കറ്റ് മത്സരങ്ങള്‍ നിര്‍ത്തി വെച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇനി സ്ഥിതി മെച്ചമായി ക്രിക്കറ്റ് വീണ്ടും രംഗ പ്രവേശം നടത്തുമ്പോള്‍ ആളുകള്‍ക്ക് കൂടുതല്‍ താല്പര്യവും ബോര്‍ഡുകള്‍ക്ക് കൂടുതല്‍ വരുമാനവും ലഭിയ്ക്കാനുള്ള നിര്‍ദ്ദേശവുമായി മുന്‍ ഓസ്ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ആഷസ് പരമ്പരയോ ഇന്ത്യ-പാക്കിസ്ഥാന്‍ പരമ്പരയോ നടത്തുകയാണ് വേണ്ടതെന്നും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഉപേക്ഷിക്കണമെന്നും ഹോഗ് പറഞ്ഞു.
ഈ സമ്മറില്‍ നടക്കുന്ന ഇന്ത്യയുടെ ഓസ്ട്രേലിയയിലെ പരമ്പരയും ഉപേക്ഷിക്കേണ്ടതാണെന്ന് ഹോഗ് പറഞ്ഞു. ഇന്ത്യയെക്കാള്‍ ഓസ്ട്രേലിയ ആഷസ് പരമ്പരയില്‍ ഏറ്റുമുട്ടുന്നതാവും പ്രേക്ഷകര്‍ ആഗ്രഹിക്കുക എന്നും ഹോഡ് വ്യക്തമാക്കി. അതേ സമയം ഇന്ത്യയ്ക്ക് പാക്കിസ്ഥാനുമായി 4 ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര കളിക്കാമന്ന് തന്റെ യൂട്യൂബ് ചാനലില്‍ താരം വിശദമാക്കി.
ഇന്ത്യയില്‍ രണ്ടും പാക്കിസ്ഥാനില്‍ രണ്ടും ആയി ഈ ടെസ്റ്റ് പരമ്പരയെ ക്രമീകരിക്കാവുന്നതാണെന്നും ഹോഗ് പറഞ്ഞു. എന്നാല്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം വഷളായി നില്‍ക്കുന്ന സാഹചര്യത്തില്‍ ഹോഗിന്റെ ഈ നിര്‍ദ്ദേശത്തിന് യാതൊരു പ്രസക്തിയുമില്ലെന്നതാണ് വസ്തുത.