പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍, അയര്‍ലണ്ടിനെതിരെ 8 വിക്കറ്റ് ജയം

Sports Correspondent

ടി20 പരമ്പര ജയത്തിനു പിന്നാലെ അയര്‍ലണ്ടിനെതിരെ ഏകദിന ജയവും സ്വന്താക്കി അഫ്ഗാനിസ്ഥാന്‍. രണ്ടാം ഏകദിനത്തില്‍ അയര്‍ലണ്ടിനോട് പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന്റെ പകരം വീട്ടല്‍ ആഘോഷമാക്കിയാണ് അഫ്ഗാന്‍ താരങ്ങള്‍ ഇന്ന് 8 വിക്കറ്റ് ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ടിനെ 124 റണ്‍സിനു എറിഞ്ഞിട്ട ശേഷം അഫ്ഗാനിസ്ഥാന്‍ രണ്ട് വിക്കറ്റുകളുടെ നഷ്ടത്തില്‍ 23.5 ഓവറില്‍ വിജയം ഉറപ്പാക്കുകയായിരുന്നു.

23 റണ്‍സ് നേടിയ ഗാരി വില്‍സണ്‍ ടോപ് സ്കോറര്‍ ആയ അയര്‍ലണ്ട് നിര 36.1 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. അഫ്ഗാനിസ്ഥാനു വേണ്ടി റഷീദ് ഖാന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അഫ്താബ് അലം, മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നൈബ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഇഹ്സാനുള്ള ജനത്(57*), റഹ്മത് ഷാ(33), ഹസ്മത്തുള്ള ഷഹീദ്(34*) എന്നിവരുടെ മികവിലാണ് അഫ്ഗാനിസ്ഥാന്‍ പരമ്പര വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേടിയ റഷീദ് ഖാന്‍ 8 വിക്കറ്റുമായി പരമ്പരയിലെ താരവുമായി മാറി.