കപില്‍ ദേവിന്റെ ടെസ്റ്റ് വിക്കറ്റുകളെ മറികടന്ന് ഡര്‍ബനില്‍ മുന്നേറിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയില്‍ സ്റ്റെയിന്‍ പറയുന്നത് താന്‍ വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി ദേശീയ ടീമിനു വേണ്ടി കളിക്കാനായത് അനുഗ്രഹമായി കരുതുന്നു എന്നാണ്. വാക്കയില്‍ 2016ല്‍ കരിയര്‍ തന്നെ അവസാനിച്ചേക്കുമെന്ന് കരുതിയ പരിക്കിന്റെ പിടിയിലായ താരം രണ്ട് വര്‍ഷത്തോളം എടുത്ത ശേഷമാണ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. എന്നാല്‍ കേപ് ടൗണില്‍ 2018ല്‍ വീണ്ടും താരം പരിക്കിന്റെ പിടിയിലായി. ഇതെല്ലാം അതിജീവിച്ചാണ് വീണ്ടും കളിക്കളത്തിലേക്ക് ഡെയില്‍ സ്റ്റെയിന്‍ മടങ്ങിയെത്തിയത്.
ഡര്‍ബനില്‍ തന്റെ അടുത്ത കാലത്തെ മികച്ച ഫോമില്‍ പന്തെറിഞ്ഞ താരം നീണ്ട സ്പെല്ലാണ് എറിഞ്ഞത്. ശ്രീലങ്കയ്ക്കെതിരെ നാല് വിക്കറ്റുകള്‍ നേടുവാന്‍ സ്റ്റെയിനിനു സാധിച്ചു. പഴയത് പോലെ പത്തോവര്‍ സ്പെല്‍ എറിയാന്‍ താരത്തിനായി എന്നത് ഫിറ്റ്നെസ്സിലും താരം ഏറെ മുന്നില്‍ തന്നെയാണ് നില്‍ക്കുന്നതെന്നതിന്റെ സൂചനയായി വേണം കരുതുവാന്‍.
പത്തോവര്‍ സ്പെല്ലുകള്‍ എറിയുവാന്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നാണ് സ്റ്റെയിന്‍ പറഞ്ഞത്. വിക്കറ്റുകള്‍ എടുക്കുവാന്‍ എനിക്ക് ഏറെ ഇഷ്ടമാണ്. അത്ര മാരകമായ സംഭവമല്ലെങ്കില്‍ ചിലപ്പോളെല്ലാം ആളുകളുടെ തലയില്‍ പന്തെറിഞ്ഞ് കൊള്ളിക്കുന്നതും തനിക്ക് ഇഷ്ടമാണെന്ന് സ്റ്റെയിന്‍ പറഞ്ഞു.
വേഗതയാണ് തന്റെ ആവനാഴിയിലെ മികച്ച അസ്ത്രമെന്ന് പറഞ്ഞ സ്റ്റെയിന്‍ തനിക്ക് ആ വേഗത കണ്ടെത്താനാകുന്നില്ലെങ്കില്‍ താന്‍ അത്ര മികച്ച ബൗളറാണെന്ന് താനും കരുതില്ലെന്ന് അറിയിച്ചു. തനിക്ക് എല്ലാ കഴിവുകളുമില്ലെങ്കിലും പേസോടു കൂടി പന്തെറിയാനാകുമെന്നത് തന്റെ ശക്തിയാണെന്ന് സ്റ്റെയിന്‍ അഭിപ്രായപ്പെട്ടു. ഫാഫ് ഡു പ്ലെസി തന്റെ ആറാം ഓവര്‍ കഴിഞ്ഞ് സ്പെല്‍ അവസാനിപ്പിക്കുവാന്‍ ഒരുങ്ങിയതാണെങ്കിലും താന്‍ താണ്കേണ് അപേക്ഷിച്ചാണ് അത് പത്തോവറാക്കി മാറ്റിയതെന്ന് സ്റ്റെയിന്‍ പറഞ്ഞു.