വിദേശ താരങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുവാന്‍ നിര്‍ദ്ദേശവുമായി മെല്‍ ജോണ്‍സ്

വനിത ബിഗ് ബാഷില്‍ വിദേശ താരങ്ങളുടെ പങ്കാളിത്തം ഉറക്കാപ്പുവാന്‍ ടൂര്‍ണ്ണമെന്റിന് പ്രത്യേക ജാലകം തന്നെ വേണമെന്ന് അഭിപ്രായപ്പെട്ട് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പുതുതായി നിയമിതയായ ബോര്‍ഡ് അംഗം മെല്‍ ജോണ്‍സ്. ബിഗ് ബാഷ് പ്ലേ ഓഫ് റൗണ്ടിലേക്ക് എത്തുമ്പോളേക്കും ചില ടീമുകളില്‍ നിന്ന് രണ്ട് മൂന്ന് വിദേശ താരങ്ങള്‍ മടങ്ങിപ്പോകുന്നു എന്നതാണ് ഇത്തരം ഒരു ആവശ്യത്തിന് മെല്‍ ജോണ്‍സിനെ പ്രേരിപ്പിച്ചത്.

ബോര്‍ഡുകള്‍ തമ്മില്‍ അന്താരാഷ്ട്ര കലണ്ടറില്‍ വനിത ബിഗ് ബാഷിന് പ്രത്യേകം ജാലകം തന്നെ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത ഏറെയാണെന്നും ജോണ്‍സ് പറഞ്ഞു.

മികച്ച ഫോമില്‍ നില്‍ക്കുന്ന താരങ്ങളെ ടൂര്‍ണ്ണമെന്റിന്റെ അന്ത്യത്തോടെ നഷ്ടമാകുന്നു എന്നത് വളരെ കടുപ്പമേറിയ കാര്യമാണെന്ന് മെല്‍ ജോണ്‍സ് വ്യക്തമാക്കി. ബോര്‍ഡുകള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് ഇതിന് പരിഹാരം കണ്ടെത്തിയാല്‍ താരങ്ങള്‍ക്ക് കൂടുതല്‍ പണം നേടുവാനും അവരുടെ കളി മെച്ചപ്പടുത്തുവാനുമുള്ള അവസരമാണ് ലഭിയ്ക്കുന്നതെന്ന് ജോണ്‍സ് വ്യക്തമാക്കി.

ഇംഗ്ലണ്ട് താരങ്ങള്‍ പാക്കിസ്ഥാനുമായി മലേഷ്യയിലുള്ള പരമ്പരയ്ക്കായി നേരത്തെ മടങ്ങുമ്പോള്‍ വിന്‍ഡീസ്-ഇന്ത്യ പരമ്പര നടന്നതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ ഇത്തവണ ബിഗ് ബാഷില്‍ കളിച്ചിരുന്നില്ല.