ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ മൂന്ന് പന്ത് അവശേഷിക്കെ 5 വിക്കറ്റ് വിജയം സ്വന്തമാക്കി സിക്സേര്‍സ്. ഒരു ഘട്ടത്തില്‍ അപ്രാപ്യമെന്ന് തോന്നിപ്പിച്ച ലക്ഷ്യത്തിലേക്ക് ടീമിനെ എത്തിച്ചത് മോസസ് ഹെന്‍റികസിന്റെയും ജോര്‍ദ്ദന്‍ സില്‍ക്കിന്റെയും ബാറ്റിംഗ് ആയിരുന്നു. എന്നാല്‍ വിജയത്തിനു തൊട്ടരികെ എത്തി ഇരുവരും പുറത്തായപ്പോള്‍ ടീം പതറുമോയെന്ന് തോന്നിപ്പിച്ചുവെങ്കിലും 3 പന്ത് ബാക്കി നില്‍ക്കെ വിജയം ഉറപ്പിക്കുകയായിരുന്നു സിക്സേര്‍സ്. ആദ്യം ബാറ്റ് ചെയ്ത ബ്രിസ്ബെയിന്‍ ഹീറ്റ് 20 ഓവറില്‍ നിന്ന് 164/7 എന്ന സ്കോര്‍ നേടിയപ്പോള്‍ 19.3 ഓവറില്‍ 165/5 എന്ന സ്കോര്‍ നേടി സിക്സേര്‍സ് വിജയം ഉറപ്പാക്കി.
ക്രിസ് ലിന്നിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തിലാണ് ഹീറ്റ് 164 റണ്‍സ് നേടിയത്. 55 പന്തില്‍ 5 സിക്സിന്റെയും 3 ഫോറിന്റെയും ബലത്തില്‍ 84 റണ്‍സാണ് ക്രിസ് ലിന്‍ നേടിയത്. മാക്സ് ബ്രയന്റ് 34 റണ്‍സ് നേടിയത് വെറും 18 പന്തില്‍ നിന്നായിരുന്നു. എന്നാല്‍ ഇരുവരെയും പുറത്താക്കി ടോം കറന്‍ സിക്സേര്‍സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു. 23 റണ്‍സ് നേടിയ ജിമ്മി പിയേര്‍സണെയും ടോം കറന്‍ തന്നെയാണ് പുറത്താക്കിയത്. മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ രണ്ടക്കം നേടുവാനായില്ല. ജോ ഡെന്‍ലി, ഷോണ്‍ അബോട്ട്, ബെന്‍ ഡ്വാര്‍ഷിയസ്, സ്റ്റീവ് ഒക്കേഫെ എന്നിവരും ടോം കറനൊപ്പം വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.
57 റണ്‍സ് നേടിയ മോസസ് ഹെന്‍റികസ്(37 പന്തില്‍), 25 പന്തില്‍ 46 റണ്‍സ് നേടിയ ജോര്‍ദ്ദന്‍ സില്‍ക്ക് എന്നിവര്‍ക്കൊപ്പം 30 റണ്‍സ് നേടി ജസ്റ്റിന്‍ അവെന്‍ഡാനോ, ജോഷ് ഫിലിപ്പ്(14*) എന്നിവരും നിര്‍ണ്ണായക പ്രകടനം സിഡ്നി സിക്സേര്‍സിനു വേണ്ടി പുറത്തെടുത്തു.