ഹോബാര്‍ട്ട് ഹറികെയിന്‍സ് സ്ഥാനം ഒഴിഞ്ഞ് ഗാരി കിര്‍സ്റ്റെന്‍

വ്യക്തിപരമായ കാരണങ്ങളാല്‍ വരുന്ന സീസണില്‍ ഹോബാര്‍ട്ട് ഹറികെയിന്‍സിനെ പരിശിലീപ്പിക്കുവാന്‍ താനില്ലെന്ന് അറിയിച്ച് മുന്‍ ദക്ഷിണാഫ്രിക്ക താരം ഗാരി കിര്‍സ്റ്റെന്‍. അടുത്ത സീസണില്‍ ടീമിനെ ആഡം ഗ്രിഫിത്താവും പരിശീലിപ്പിക്കുക. മുന്‍ സീസണില്‍ ടീമിന്റെ ഉപ പരിശീലകനായിരുന്നു ഗ്രിഫിത്ത്. ടീമിനൊപ്പം സഹകരിച്ച നിമിഷങ്ങള്‍ ആസ്വദിച്ചുവെന്ന് സൂചിപ്പിച്ച കിര്‍സ്റ്റെന്‍ ടീമിനും താരങ്ങള്‍ക്കും ഭാവിയിലേക്കുള്ള ആശംസയും നേര്‍ന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഡാമിയന്‍ മാര്‍ട്ടിനു പകരം കോച്ചായി കിര്‍സ്റ്റെന്‍ ചുമതലയേറ്രത്. അതിനു മുമ്പ് രണ്ട് സീസണുകളില്‍ ഏഴാം സ്ഥാനത്ത് അവസാനിച്ച ഹറികെയിന്‍സ് കിര്‍സ്റ്റെന്റെ കീഴില്‍ ബിഗ് ബാഷ് ഫൈനലില്‍ എത്തിയിരുന്നു. എന്നാല്‍ ഫൈനലില്‍ അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനോട് പരാജയം ഏറ്റുവാങ്ങുകയായിരുന്നു ഹറികെയിന്‍സ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial