ഇംഗ്ലണ്ടിലെ ക്രിക്കറ്റിന്റെ ഏറ്റവും പുതിയ പതിപ്പായ ദി ഹണ്ട്രെഡിന്റിന്റെ ഇന്ത്യന്‍ പതിപ്പിനായി ബിസിസിഐ ശ്രമിക്കുന്നതായി സൂചന. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് വിരമിക്കുന്ന ചെയര്‍മാന്‍ കോളിന്‍ ഗ്രേവ്സ് ആണ് ഈ കാര്യം പുറത്ത് വിട്ടത്. ബിസിസിഐ തങ്ങളോട് നിരന്തരമായി ദി ഹണ്ട്രെഡിന്റെ ഫോര്‍മാറ്റ് അറിയുവാനായി ബന്ധപ്പെട്ടിരുന്നുവെന്നാണ് ഗ്രേവ്സ് പറയുന്നത്. ബിസിസിഐ മാത്രമല്ല വേറെയും പല ബോര്‍ഡുകള്‍ ഇത്തരത്തില്‍ തങ്ങളെ സമീപിച്ചിട്ടുണ്ടെന്നാണ് ഗ്രേവ്സ് പറഞ്ഞത്.
ഈ വര്‍ഷം അരങ്ങേറ്റം കുറിയ്ക്കേണ്ടിയിരുന്ന ദി ഹണ്ട്രെഡ് കോവിഡ് കാരണം അടുത്ത വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു. ഇത്രയും ബോര്‍ഡുകളുടെ താല്പര്യം സൃഷ്ടിക്കാനായി എന്നത് തന്നെ ദി ഹണ്ട്രെഡിന്റെ പ്രശസ്തിയെ സൂചിപ്പിക്കുന്നുവെന്നാണ് കോളിന്‍ ഗ്രേവ്സിന്റെ അഭിപ്രായം.
ലോകത്തിലെ ഏറ്റവും വിജയകരമായ ടി20 ലീഗ് നടത്തുന്ന ബിസിസിഐയ്ക്ക് സമാനമായ രീതിയില്‍ ദി ഹണ്ട്രെഡ് കൊണ്ടുവന്ന് വിജയിപ്പിക്കുവാനാകുമോ എന്നതാണ് ഇനി കാത്തിരിക്കേണ്ടത്. നേരത്തെ ബിസിസിഐ മിനി ഐപിഎല്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ട് അത് നടക്കാതെ പോയിരുന്നു. അതിനാല്‍ തന്നെ ഇപ്പോളത്തെ സാഹചര്യത്തില്‍ ഹണ്ട്രെഡ് പോലൊരു വ്യത്യസ്തമായ ടൂര്‍ണ്ണമെന്റിന് ബോര്‍ഡ് ശ്രമിക്കുമോ എന്നതും കാത്തിരുന്ന് കാണേണ്ടതാണ്.