ടി20 ലോകകപ്പിന്റെ ഭാവിയെ പറ്റി തീരുമാനം എടുക്കാൻ ഐ.സി.സി വൈകുന്നതിൽ അസംതൃപ്തി രേഖപ്പെടുത്തി ബി.സി.സി.ഐ. ഈ വർഷം ഓസ്ട്രേലിയയിൽ വെച്ച് നടക്കേണ്ട ടി20 ലോകകപ്പിന്റെ കാര്യത്തിൽ ഐ.സി.സി തീരുമാനം എടുക്കാൻ സമയം വൈകുന്നതിൽ നിരാശ ഉണ്ടെന്നും ബി.സി.സി.ഐ പ്രസിഡണ്ട് അരുൺ ധുമാൽ.
ഐ.സി.സി ഈ വർഷം ഒക്ടോബറിലും നവംബറിലുമായി നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെക്കുകയാണെങ്കിൽ ആ സമയത്ത് ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താനാണ് ബി.സി.സി.ഐ ശ്രമം. നിലവിൽ ഐ.സി.സിയുടെ ഭാഗത്ത് നിന്ന് ടി20 ലോകകപ്പിന്റെ കാര്യത്തിൽ തീരുമാനമൊന്നും ആയിട്ടില്ലെങ്കിൽ ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താനുള്ള പദ്ധതികളുമായി ബി.സി.സി.ഐ മുൻപോട്ട് പോവുകയാണെന്നും അരുൺ ധുമാൽ പറഞ്ഞു.
ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ബുണ്ടസ് ലീഗ, എൻ.ബി.എ മത്സരങ്ങൾ എന്നിവ പുനരാരംഭിച്ചിട്ടുണ്ടെന്നും സെപ്റ്റംബർ മുതൽ ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് ബി.സി.സി.ഐയെന്നും അരുൺ ധുമാൽ പറഞ്ഞു. ഇന്റർനാഷണൽ മത്സരങ്ങളെക്കാൾ ബി.സി.സി.ഐ ഐ.പി.എല്ലിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ നടത്താൻ ഇന്റർനാഷണൽ മത്സരങ്ങളെക്കാൾ എളുപ്പമാണെന്നും അരുൺ ധുമാൽ പറഞ്ഞു.