ടി20 ലോകകപ്പുകളുടെ കാര്യത്തിൽ ബി.സി.സി.ഐയും ക്രിക്കറ്റ് ഓസ്ട്രേലിയയും തമ്മിൽ അടുത്ത ഐ.സി.സി. മീറ്റിംഗിൽ ചർച്ച നടത്തും. ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലിയും സെക്രട്ടറി ജെ ഷായുമാവും ബി.സി.സി.ക്ക് വേണ്ടി ചർച്ചയിൽ പങ്കെടുക്കുക. കൂടാതെ അടുത്ത വർഷം ന്യൂസിലാൻഡിൽ നടക്കേണ്ട വനിതാ ലോകകപ്പിന്റെ കാര്യത്തിലും ഐ.സി.സി മീറ്റിംഗിൽ തീരുമാനം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ഈ വർഷം ഓസ്ട്രേലിയയിൽ നടക്കേണ്ട ലോകകപ്പ് കൊറോണ വൈറസ് ബാധയെ തുടർന്ന് മാറ്റിവച്ചിരുന്നു. 2021ൽ നേരത്തെ തീരുമാനിച്ച പ്രകാരം ഇന്ത്യ ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നുണ്ട്.
എന്നാൽ 2021ൽ ഇന്ത്യയിൽ നടക്കേണ്ട ലോകകപ്പിന് പകരമായി ഈ വർഷം ഓസ്ട്രേലിയയിൽ വെച്ച് നടക്കേണ്ട ലോകകപ്പ് അടുത്ത വർഷം നടത്താനുള്ള ശ്രമങ്ങളാവും ഇരു ബോർഡുകളും തമ്മിൽ ചർച്ച ചെയ്യുക. ഈ വർഷം ഓസ്ട്രേലിയയിൽ വെച്ച് നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പിനുള്ള ടിക്കറ്റുകൾ ക്രിക്കറ്റ് ഓസ്ട്രേലിയ വിറ്റഴിച്ചിരുന്നു. അതുകൊണ്ട് തന്നെ അടുത്ത വർഷം ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഓസ്ട്രേലിയ ശ്രമം നടത്തുന്നത്.