ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അതിര്‍ത്തിയില്‍ ഉടലെടുത്ത സംഘര്‍ഷത്തെത്തുടര്‍ന്ന് ഐസിസി ലോകകപ്പില്‍ വന്നേക്കാവുന്ന സുരക്ഷ പാളിച്ചകളെക്കുറിച്ച് ഇന്ത്യ ഉയര്‍ത്തിയ ആശങ്ക അകറ്റുന്ന ക്രമീകരണങ്ങള്‍ ഐസിസിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ബിസിസിഐയ്ക്ക് അറിയിപ്പ് നല്‍കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ഇന്നലെ ദുബായിയില്‍ നടന്ന ഐസിസി ബോര്‍ഡ് മീറ്റിംഗിലാണ് ഈ തീരുമാനം ഐസിസി കൈക്കൊണ്ടതും ബിസിസിഐയെ അത് അറിയിക്കുകയും ചെയ്യുകയായിരുന്നു.
ഒരു അന്താരാഷ്ട്ര മത്സരയിനം എന്ന നിലയില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും ഐസിസിയും ലോകകപ്പിനു ആവശ്യമായ എല്ലാ സുരക്ഷ മുന്നൊരുക്കങ്ങളും കൈക്കൊണ്ടിട്ടുണ്ട്. ഐസിസി ആതിഥേയത്വം വഹിക്കുന്ന ബോര്‍ഡുമായി ചേര്‍ന്ന് ടൂര്‍ണ്ണമെന്റിന്റെ ഭാഗമായി എത്തുന്ന താരങ്ങള്‍, ഉദ്യോഗസ്ഥര്‍, കാണികള്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുവാന്‍ പ്രതിജ്ഞബദ്ധരാണെന്ന് ഐസിസിയുടെ സിഇഒ ഡേവിഡ് റിച്ചാര്‍ഡ്സണ്‍ അറിയിക്കുകയായിരുന്നു.
എന്തെങ്കിലും സുരക്ഷ മുന്നറിയിപ്പ് ലഭിയ്ക്കുന്ന മുറയ്ക്ക് വേണ്ടത്ര സുരക്ഷ നടപടികളുമായി മുന്നോട്ട് പോകുവാനും സുരക്ഷ ഉയര്‍ത്തുവാനും ഐസിസിയ്ക്ക്ും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനും സാധിക്കുമെന്ന ഉറച്ച വിശ്വാസവും തങ്ങള്‍ക്കുണ്ടെന്ന് ഡേവിഡ് അറിയിച്ചു.