ബംഗ്ലാദേശ് താരങ്ങളായ സൗമ്യ സര്‍ക്കാരിനും മുഹമ്മദ് മിഥുനും അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുവാന്‍ അനുമതി നല്‍കാതെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. സിംബാബ്‍വേ, വിന്‍ഡീസ് ടീമുകളുമായുള്ള പരമ്പരയില്‍ താരങ്ങളെ പരിഗണിക്കുവാന്‍ സാധ്യതയുള്ളതിനാലാണ് ഈ തീരുമാനമെന്ന് അറിയുന്നു. കാണ്ഡഹാര്‍ നൈറ്റ്സ് ആണ് സര്‍ക്കാരിനെയും മുഹമ്മദ് മിഥുനിനെയും പ്ലേയര്‍ ഡ്രാഫ്ടില്‍ സ്വന്തമാക്കിയത്.
അതേ സമയം മറ്റൊരു താരം ടാസ്കിന്‍ അഹമ്മദിനു ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. മേല്‍പ്പറഞ്ഞ അനുമതി നിഷേധിക്കപ്പെട്ട താരങ്ങള്‍ ഇന്നലെ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാനായി ബംഗ്ലാദേശിലേക്ക് പറക്കുവാനിരിക്കുകയായിരുന്നു. ടാസ്കിന്‍ അഹമ്മദിനു അനുമതി കൊടുക്കുവാനുള്ള കാരണം ബോര്‍ഡ് വിശദീകരിക്കുന്നത് ഇപ്രകാരമാണ്. താരം ഏറെക്കാലമായി പരിക്കിന്റെ പിടിയിലായതിനാല്‍ ഈ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത് വഴി താരം എത്രത്തോളം മത്സരസജ്ജമാണെന്ന് അറിയുവാന്‍ സാധിക്കുമെന്നാണ് ബോര്‍ഡിന്റെ വിശദീകരണം.
ബംഗ്ലാദേശ് സിംബാബ്‍വേയെയും വിന്‍ഡീസിനെയും ഒക്ടോബര്‍ 21 മുതല്‍ ഡിസംബര്‍ 22 വരെയുള്ള കാലയളവിലാണ് ആതിഥേയത്വം വഹിക്കുന്നത്.