2019 ആഷസിനു ശേഷം കോച്ചിംഗ് സ്ഥാനം ഉപേക്ഷിക്കും: ട്രെവര്‍ ബെയിലിസ്

Sports Correspondent

2019ല്‍ ഇംഗ്ലണ്ടിന്റെ ആഷസ് പരമ്പരയ്ക്ക് ശേഷം താന്‍ ഇംഗ്ലണ്ട് കോച്ച് സ്ഥാനം ഉപേക്ഷിക്കുമെന്ന് മുഖ്യ കോച്ച് ട്രെവര്‍ ബെയിലിസ്. 2019ല്‍ തന്റെ കരാര്‍ അവസാനിക്കുന്നപക്ഷം അത് പുതുക്കേണ്ടതില്ല എന്നാണ് ബെയിലിസിന്റെ അഭിപ്രായം. ഈ തീരൂമാനം താന്‍ ഒരു വര്‍ഷം മുമ്പേ തന്നെ ഇംഗ്ലീഷ് ബോര്‍ഡിനെ അറിയിച്ചതാണെന്നും നടപ്പ് ആഷസ് പരമ്പരയിലെ പരാജയവുമായി ഇതിനു ഒരു ബന്ധവുമില്ലെന്നാണ് ട്രെവര്‍ പറഞ്ഞത്.

ഏകദിനങ്ങളിലും ടി20യിലും ട്രെവറിനു കീഴില്‍ ഇംഗ്ലണ്ട് മികവ് പുലര്‍ത്തുന്നുണ്ടെങ്കിലും ടെസ്റ്റ് പരമ്പരയില്‍ സമാനമായ ഒരു പ്രഭാവമുണ്ടാക്കാന്‍ ഇംഗ്ലണ്ടിനു സാധിച്ചിട്ടില്ല. ടെസ്റ്റില്‍ 2015നു ശേഷം ജയത്തേക്കാള്‍ കൂടുതലും തോല്‍വിയാണെന്നത് ഇംഗ്ലണ്ടിനെ ഏറെ അലട്ടുന്നുണ്ട്. വരാനിരിക്കുന്ന ന്യൂസിലാണ്ട് പര്യടനത്തിലും ടീമില്‍ കാര്യമായ മാറ്റം താന്‍ പ്രതീക്ഷിക്കുന്നില്ല എന്നും ട്രെവര്‍ അഭിപ്രായപ്പെട്ടു.

നേരത്തെ ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ഡാരെന്‍ ലേമാനും 2019 ആഷസിനു ശേഷം കോച്ചിംഗ് പദവി ഉപേക്ഷിക്കുമെന്ന് അറിയിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial