ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വന്നതോടെ ടെസ്റ്റ് ക്രിക്കറ്റ് കൂടുതല്‍ കടുത്തതാകുമെന്ന് അഭിപ്രായപ്പെട്ട് വിരാട് കോഹ്‍ലി. ഓരോ ടീമുകള്‍ക്കും ഓരോ ടെസ്റ്റ് മത്സരവും ഏറെ നിര്‍ണ്ണായകമാകുമെന്നും ജയത്തിനായി കൂടുതല്‍ ആവേശത്തോടെ ടീമുകള്‍ മത്സരങ്ങളെ സമീപിക്കുമ്പോള്‍ അടുത്ത് തന്നെ മത്സരങ്ങള്‍ കൂടുതല്‍ ആവേശകരമാകുന്നത് കാണാനാകുമെന്ന് കോഹ്‍ലി വ്യക്തമാക്കി. 2021ല്‍ ആണ് ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ അരങ്ങേറുക.
ഇത് ശരിയായ ദിശയിലുള്ള തീരുമാനമാണെന്നാണ് വിരാട് കോഹ്‍ലി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്രഖ്യാപിച്ചതിനെക്കുറിച്ച് പറഞ്ഞു. ആളുകള്‍ ടെസ്റ്റ് ക്രിക്കറ്റ് മരിക്കുകയാണെന്നാണ് പറയുന്നത്. എന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ അതിന്റെ നിലവാരം ഉയര്‍ന്നു. അത് ഇനിയും ഉയരുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും കോഹ്‍ലി പറഞ്ഞു.
എന്നാല്‍ ബാറ്റ്സ്മാന്മാര്‍ അവരുടെ നിലവാരത്തിലേക്ക് ഇതുവരെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ എത്തിയിട്ടില്ലെന്ന് കോഹ്‍ലി പറഞ്ഞു. ഓസ്ട്രേലിയ-ഇംഗ്ലണ്ട്, ശ്രീലങ്ക-ന്യൂസിലാണ്ട് പരമ്പരകളില്‍ പഴയ പ്രതാപത്തിലേക്ക് ബാറ്റ്സ്മാന്മാര്‍ക്ക് എത്താനായില്ലെന്നും കൂടുതല്‍ ആധിപത്യം ബൗളര്‍മാര്‍ തന്നെയാണ് കാഴ്ചവയ്ക്കുന്നതെന്നും വിരാട് കോഹ്‍ലി പറഞ്ഞു. വ്യക്തിഗത മികവുകള്‍ ഉണ്ടായിട്ടുണ്ടാവാം എന്നാല്‍ ടീമെന്ന നിലയില്‍ ബാറ്റിംഗ് പ്രകടനം ഇതുവരെ ഉണ്ടായിട്ടില്ലെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി.
ഇംഗ്ലണ്ടില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടത് ബാറ്റിംഗ് അവസരത്തിനൊത്തുയരാത്തതിനാലാണെന്നും കോഹ്‍ലി പറഞ്ഞു. അതേ സമയം ഓസ്ട്രേലിയയില്‍ ബാറ്റിംഗ് മികവ് പുലര്‍ത്തുവാന്‍ ടീമിനായി ടീം വിജയവും സ്വന്തമാക്കിയെന്ന് കോഹ്‍ലി പറഞ്ഞു.