സെയിന്റ് ലൂസിയ സൂക്ക്സിനെതിരെ വിജയത്തോടെ ബാര്‍ബഡോസ് ട്രിഡന്റ്സ് പ്ലേ ഓഫിലേക്ക്. ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 6 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് നേടിയപ്പോള്‍ സെയിന്റ് ലൂസിയ സൂക്ക്സ് 18.4 ഓവറില്‍ 117 റണ്‍സിന് ഓള്‍ഔട്ടായി. നാല് വിക്കറ്റ് നേടിയ ഹെയ്ഡന്‍ വാല്‍ഷും മൂന്ന് വിക്കറ്റ് നേടിയ ഹാരി ഗുര്‍ണേയുമാണ് ബൗളിംഗില്‍ ബാര്‍ബഡോസിനായി തിളങ്ങി വിജയം കണ്ടെത്തിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ട്രിഡന്റ്സ് ജോണ്‍സണ്‍ ചാള്‍സ്(47), ജസ്റ്റിന്‍ ഗ്രീവ്സ്(27*), ഷാക്കിബ് അല്‍ ഹസന്‍(22) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സിലേക്ക് എത്തുകയായിരുന്നു. ക്രിഷ്മര്‍ സാന്റോക്കി, ഹാര്‍ദ്ദസ് വില്‍ജോയന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി സൂക്ക്സിന് വേണ്ടി ബൗളിംഗില്‍ തിളങ്ങി.
മറുപടി ബാറ്റിംഗിനിറങ്ങിയ സൂക്ക്സിന്റെ മധ്യനിരയില്‍ കോളിന്‍ ഇന്‍ഗ്രാം(25), കോളിന്‍ ഡി ഗ്രാന്‍ഡോം(21), ഹാര്‍ദ്ദസ് വില്‍ജോയന്‍(22) എന്നിവര്‍ മാത്രമാണ് പൊരുതി നിന്നത്. മറ്റ് താരങ്ങള്‍ക്കാര്‍ക്കും വേണ്ടത്ര മികവ് പുലര്‍ത്താനാകാതെ പോയപ്പോള്‍ വാല്‍ഷും ഗുര്‍ണേയും ചേര്‍ന്ന് സൂക്ക്സ് ബാറ്റിംഗ് ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞ് 18.4 ഓവറില്‍ ഓള്‍ഔട്ടാക്കി.