പാകിസ്ഥാനിൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ഉദ്ദേശമില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. പാകിസ്ഥാൻ പരമ്പരയിൽ ബംഗ്ലാദേശ് ടി20 മത്സരങ്ങൾ മാത്രമാണ് കളിക്കുകയെന്നും ബംഗ്ളദേശ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ബംഗ്ളദേശ് ഗവണ്മെന്റിന്റെ നിർദേശ പ്രകാരമാണ് ടി20 പരമ്പര മാത്രം കളിക്കുന്നതെന്നും ബംഗ്ലാദേശ് വ്യക്തമാക്കി. നേരത്തെ പരമ്പരയിൽ 3 ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും കളിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ സുരക്ഷാ കാരണം മുൻനിർത്തി ടി20 പരമ്പര മാത്രം കളിച്ചാൽ മതിയെന്ന് ബംഗ്ളദേശ് ഗവണ്മെന്റ് തീരുമാനിക്കുകയായിരുന്നു.
നിലവിൽ മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന ഇറാൻ – അമേരിക്ക പ്രശ്നങ്ങളാണ് ടെസ്റ്റ് മത്സരം വേണ്ടെന്ന് തീരുമാനിക്കാൻ കാരണമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. നേരത്തെ ഒരു ടെസ്റ്റ് പാകിസ്താനിലും മറ്റൊരു ടെസ്റ്റ് ബംഗ്ലാദേശിലും കളിക്കാമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പറഞ്ഞെങ്കിലും ഈ നിർദേശം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തള്ളുകയായിരുന്നു. നിക്ഷ്പക്ഷ വേദിയിൽ വെച്ച് ടെസ്റ്റ് നടത്താമെന്ന നിർദേശത്തെയും പാകിസ്ഥാൻ തള്ളിയിരുന്നു. കഴിഞ്ഞ മാസം 10 വർഷത്തെ ഇടവേളക്ക് ശേഷം ശ്രീലങ്ക പാക്കിസ്ഥാനിൽ ടെസ്റ്റ് മത്സരം കളിച്ചിരുന്നു.