സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയും ബംഗ്ളദേശിന് സ്വന്തം

Photo: Twitter/@BCBtigers
- Advertisement -

സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയും സ്വന്തമാക്കി ബംഗ്ലാദേശ്. ഇന്ന് നടന്ന രണ്ടാം ടി20 മത്സരത്തിൽ 9 വിക്കറ്റിന് സിംബാബ്‌വെയെ തോൽപ്പിച്ചാണ് ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കിയത്. ഇന്നത്തെ ജയത്തോടെ ടി20 പരമ്പര 2-0ന് ബംഗ്ലാദേശ് സ്വന്തമാക്കി. നേരത്തെ സിംബാബ്‌വെക്കെതിരെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയും ഏക ടെസ്റ്റും ബംഗ്ലാദേശ് ജയിച്ചിരുന്നു.

ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയെ ബംഗ്ലാദേശ് ബൗളർമാർ കുറഞ്ഞ സ്കോറിന് എറിഞ്ഞു ഒതുക്കുകയായിരുന്നു. 20 ഓവറിൽ സിംബാബ്‌വെ 7 വിക്കറ്റ് നഷ്ടത്തിൽ 119 റൺസാണ് എടുത്തത്. 59 റൺസ് എടുത്ത് പുറത്താവാതെ നിന്ന ബ്രെണ്ടൻ ടെയ്‌ലർ ആണ് സിംബാബ്‌വെ സ്കോർ 100 കടത്തിയത്.  ബംഗ്ലാദേശിന് വേണ്ടി മുസ്താഫിസുർ റഹ്മാനും അമിൻ ഹൊസൈനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

തുടർന്ന് ബാറ്റ് ചെയ്ത ബംഗ്ലാദേശ് 15.5 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 120 റൺസ് എടുത്ത് ജയം ഉറപ്പിക്കുകയായിരുന്നു. 45 പന്തിൽ പുറത്താവാതെ 60 റൺസ് എടുത്ത ലിറ്റൻ ദാസ് ആണ് ബംഗ്ലാദേശ് ജയം അനായാസമാക്കിയത്. 33 റൺസ് എടുത്ത് മുഹമ്മദ് നഈം പുറത്തായപ്പോൾ 20 റൺസ് എടുത്ത സൗമ്യ സർക്കാർ പുറത്താവാതെ നിന്നു.

Advertisement