ശ്രീലങ്കയ്ക്കെതിരെ എതിരെ 6 വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ് നേടി ബംഗ്ലാദേശ്. മുഷ്ഫിക്കുര്‍ റഹിം, തമീം ഇക്ബാല്‍, മഹമ്മുദുള്ള എന്നിവരാണ് ബംഗ്ലാദേശിനെ ഈ സ്കോറിലേക്ക് എത്തുവാന്‍ സഹായിച്ചത്.
ലിറ്റണ്‍ ദാസിനെ തുടക്കത്തില്‍ തന്നെ നഷ്ടമായ ബംഗ്ലാദേശിന് ഷാക്കിബിന്റെ(15) വിക്കറ്റ് നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 43 റണ്‍സായിരുന്നു. ക്യാപ്റ്റന്‍ തമീം ഇക്ബാലും മുഷ്ഫിക്കുര്‍ റഹിമും ചേര്‍ന്ന് ടീമിനെ വലിയ സ്കോറിലേക്ക് നയിക്കുമെന്ന ഘട്ടത്തിലാണ് ധനന്‍ജയ ഡി സില്‍വ തമീമിനെയും മുഹമ്മദ് മിഥുനിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ബംഗ്ലാദേശിനെ 99/4 എന്ന നിലയിലേക്ക് പ്രതിരോധത്തിലാക്കിയത്.
52 റണ്‍സാണ് തമീം നേടിയത്. തുടര്‍ന്ന് 109 റണ്‍സിന്റെ മികച്ച അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടുമായി മുഷ്ഫിക്കുര്‍ റഹിമും മഹമ്മുദുള്ളയും ചേര്‍ന്നാണ് ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ചത്.
84 റണ്‍സ് നേടിയ റഹിം തന്റെ ശതകം പൂര്‍ത്തിയാക്കാനാകാതെ മടങ്ങിയപ്പോള്‍ മഹമ്മുദുള്ള അര്‍ദ്ധ ശതകം തികച്ചു. 54 റണ്‍സ് നേടിയ മഹമ്മുദുള്ളയുടെ വിക്കറ്റാണ് ബംഗ്ലാദേശിന് അടുത്തതായി നഷ്ടമായത്. ആ വിക്കറ്റും ധനന്‍ജയ ഡി സില്‍വയാണ് നേടിയത്.
ഏഴാം വിക്കറ്റില്‍ അഫിഫ് ഹൊസൈനും(27*) മൊഹമ്മദ് സൈഫുദ്ദീനും(13*) ചേര്‍ന്ന് നേടിയ 27 റണ്‍സ് കൂട്ടുകെട്ടാണ് ബംഗ്ലാദേശിനെ 257 റണ്‍സിലേക്ക് എത്തിച്ചത്.