ലെഗ്സ്പിന്നര്‍മാരെ ടീമിലുള്‍പ്പെടുത്തിയില്ല, പ്രാദേശിക കോച്ചുമാരെ നീക്കം ചെയ്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

Sports Correspondent

നാഷണല്‍ ക്രിക്കറ്റ് ലീഗില്‍ തങ്ങളുടെ പ്ലേയിംഗ് ഇലവനില്‍ ലെഗ്സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താതിരുന്ന രണ്ട് ഡിവിഷണല്‍ കോച്ചുമാരെ നീക്കം ചെയ്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ധാക്ക ഡിവിഷന്റെയും രംഗ്പൂര്‍ ഡിവിഷന്റെയും കോച്ചുമാരായ ജഹാംഗീര്‍ അലം, മസൂദ് പര്‍വേസ് റാസണ്‍ എന്നിവരെയാണ് പുറത്താക്കി പകരം കോച്ചുമാരെ നിയമിച്ചത്.

ജഹാംഗീറിന് പകരം മുഹമ്മദ് സലീമിനെയും മസൂദിന് പകരം ജഫ്രുള്‍ എഹ്സാനെയും കോച്ചുമാരായി നിയമിച്ചിട്ടുണ്ട്. ഡിവിഷണല്‍ കോച്ചുമാരോട് തങ്ങളുടെ ടീമില്‍ ലെഗ് സ്പിന്നര്‍മാരുണ്ടെങ്കില്‍ അവരെ കളിപ്പിക്കണമെന്ന് ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇവര്‍ക്ക് അവസരം നല്‍കിയില്ലെങ്കില്‍ അവര്‍ എങ്ങനെ മെച്ചപ്പെടുമെന്നാണ് ബോര്‍ഡ് ചോദിക്കുന്നത്.