ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് പുതിയ സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ മേല്‍ക്കൈ നേടി ബൗളര്‍മാര്‍. ചിറ്റഗോംഗ് വൈക്കിംഗ്സിന്റെ ബൗളര്‍ റോബി ഫ്രൈലിങ്കിനു മുന്നില്‍ രംഗ്പൂര് റൈഡേഴ്സ് ടോപ് ഓര്‍ഡര്‍ തകര്‍ന്നടിഞ്ഞപ്പോള്‍ 20 ഓവറില്‍ ടീം 98 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. രവി ബൊപ്പാര നേടിയ 44 റണ്‍സാണ് 98 റണ്‍സിലേക്ക് എത്തുവാന്‍ രംഗ്പൂറിനെ സഹായിച്ചത്.
സൊഹാഗ് ഗാസി 21 റണ്‍സ് നേടി. മറ്റാരും തന്നെ രണ്ടക്കം കടക്കാതെ പുറത്താകുകയായിരുന്നു. റോബി ഫ്രൈലിങ്ക് നാല് വിക്കറ്റാണ് മത്സരത്തില്‍ നിന്ന് നേടിയത്. അബു ജയേദ്, നയീം ഹസന് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.
ചിറ്റഗോംഗ് വൈക്കിംഗ്സിന്റെ ഇന്നിംഗ്സും ആടിയുലഞ്ഞാണ് മുന്നോട്ട് പോയത്. ചെറിയ സ്കോര്‍ നേടുവാന്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയ ടീം അവസാന ഓവറിലാണ് വിജം നേടിയത്. നിര്‍ണ്ണായകമായ എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 16 റണ്‍സ് നേടി റോബി ഫ്രൈലിങ്ക്(12*)-സന്‍സ്മുള്‍ ഇസ്ലാം(7*) എന്നിവരുടെ പ്രകടനമാണ് ടീമിനു നിര്‍ണ്ണായകമായത്.
27 റണ്‍സ് നേടിയ മുഹമ്മദ് ഷെഹ്സാദ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ മുഷ്ഫിക്കുര്‍ റഹിം 25 റണ്‍സ് നേടി പുറത്തായി. മഷ്റഫെ മൊര്‍തസ രണ്ട് വിക്കറ്റ് നേടി രംഗ്പൂര് റൈഡേഴ്സ് ബൗളര്‍മാരില്‍ വേറിട്ട് നിന്നു. മറ്റു ബൗളര്‍മാരും മികവ് പുലര്‍ത്തിയെങ്കിലും ലക്ഷ്യം തീരെ ചെറുതായത് റൈഡേഴ്സിനു വിനയായി.