സ്വന്തം ടീം നായകന്‍ ഡേവിഡ് വാര്‍ണറെ വെല്ലുന്ന പ്രകടനവുമായി നിക്കോളസ് പൂരന്‍ ബാറ്റ് വീശിയപ്പോള്‍ 5 റണ്‍സിന്റെ ജയം സ്വന്തമാക്കി സില്‍ഹെറ്റ് സിക്സേര്‍സ്. 59 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം 32 പന്തില്‍ നിന്ന് 52 റണ്‍സ് നേടി പുറത്താകാതെ നിന്ന പൂരന്റെ പ്രകടനവും ഒപ്പം അഫീഫ് ഹൊസൈന്‍ 28 പന്തില്‍ നിന്ന് 45 റണ്‍സും നേടിയപ്പോള്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം 168/5 എന്ന സ്കോര്‍ സില്‍ഹെറ്റ് നേടി. റോബി ഫ്രൈലിങ്കിന്റെ തീപാറുന്ന പന്തുകളില്‍ 6/3 എന്ന നിലയിലേക്ക് വീണ ശേഷമാണ് മത്സരത്തില്‍ സിക്സേര്‍സിന്റെ തിരിച്ചുവരവ്. നാലാം വിക്കറ്റില്‍ അഫീഫും വാര്‍ണറും ചേര്‍ന്ന് 71 റണ്‍സ് നേടിയ ശേഷം അഫീഫ് മടങ്ങിയെങ്കിലും പകരമെത്തിയ പൂരനുമായി ചേര്‍ന്ന് 67 റണ്‍സ് അഞ്ചാം വിക്കറ്റിലും ചേര്‍ക്കാന്‍ ടീമിനായി. അലോക കപാലിയെ കാഴ്ചക്കാരനായി 21 റണ്‍സ് കൂടിയാണ് പൂരന്‍ ആറാം വിക്കറ്റില്‍ നേടിയത്. ഇതില്‍ രണ്ട് റണ്‍സാണ് കപാലിയുടെ സംഭാവന.
വലിയ ലക്ഷ്യം തേടിയിറങ്ങിയ ചിറ്റഗോംഗ് വൈക്കിംഗ്സിനു 7 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് മാത്രമേ നേടാനായുള്ളു. 24 പന്തില്‍ നിന്ന് 44 റണ്‍സ് നേടി പുറത്താകാതെ നിന്ന റോബി ഫ്രൈലിങ്കിനു എന്നാല്‍ ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. അവസാന ഓവറില്‍ രണ്ട് സിക്സുകള്‍ നേടിയെങ്കിലും വിജയിക്കുവാന്‍ നേടേണ്ടിയിരുന്നത് 23 റണ്‍സായിരുന്നു. അതിനു അഞ്ച് റണ്‍സ് അകലെ വരെ മാത്രമേ ടീമിനു എത്തുവാനായുള്ളു.
വൈക്കിംഗിനു വേണ്ടി കാമറൂണ്‍ ഡെല്‍പോര്‍ട്ട് (38), സിക്കന്ദര്‍ റാസ(37), മുഹമ്മദ് അഷ്റഫുള്‍(22) എന്നിവരും റണ്‍സ് കണ്ടെത്തി. ടാസ്കിന്‍ അഹമ്മദ് നേടിയ 4 വിക്കറ്റുകള്‍ക്കൊപ്പം അലോക് കപാലി സിക്സേര്‍സിനു വേണ്ടി രണ്ട് വിക്കറ്റ് നേടി.