ബംഗ്ലാദേശ് ഓപ്പണർ തമിം ഇഖ്ബാൽ ക്രീസിൽ താണ്ഡവമാടിയപ്പോൾ ബംഗ്ലാദേശ് പ്രീമിയർ ലീഗ് കിരീടം കോമില്ല വിക്ടോറിയന്സിന്. എതിരാളികളായ ധാക്ക ഡൈനാമൈറ്റ്സിനെ പതിനേഴ് റൺസിനാണ് കോമില്ല പരാജയപ്പെടുത്തിയത്. കോമില്ല വിക്ടോറിയന്സിന്റെ രണ്ടാമത്തെ ബിപിഎൽ കിരീടമാണിത്.
ആദ്യം ബാറ്റ് ചെയ്ത കോമില്ല നിശ്ചിത ഇരുപത് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് ആണ് അടിച്ചെടുത്തത്. 61 പന്തിൽ 11 സിക്സറുകളും 10 ഫോറും പായിച്ച തമിം ഇഖ്ബാൽ നേടിയ 141 റൺസ് ആണ് കോമില്ല വിക്ടോറിയന്സിനെ കൂറ്റൻ സ്‌കോറിൽ എത്തിച്ചത്.
200 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ധാക്ക ഡൈനാമൈറ്റ്സിനെ കോമില്ല വിക്ടോറിയൻസ് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് എന്ന സ്‌കോറിൽ ചുരുക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ സുനിൽ നരൈനെ നഷ്‌ടമായ ധാക്കക്ക് വേണ്ടി റോണിയും ഉപുൽ തരംഗയും മുന്നോട്ട് കൊണ്ട് പോയെങ്കിലും നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി കോമില്ല വിക്ടോറിയൻസ് വിജയം നേടുകയായിരുന്നു.