സിംബാബ്‍വേയ്ക്കെതിരെ വിജയ പ്രതീക്ഷയുമായി ബംഗ്ലാദേശ്. രണ്ടാം ഇന്നിംഗ്സില്‍ സിംബാബ്‍വേയെ 181 റണ്‍സിനു പുറത്താക്കിയ ശേഷം 321 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ആതിഥേയര്‍ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 26/0 എന്ന നിലയിലാണ്. 295 റണ്‍സ് കൂടി വിജയത്തിനായി നേടേണ്ട ബംഗ്ലാദേശിനു പത്ത് വിക്കറ്റുകളാണ് കൈവശമുള്ളത്. രണ്ട് ദിവസം ശേഷിക്കെ മത്സരത്തില്‍ നിന്ന് ഒരു ഫലം തീര്‍ച്ചയായും പ്രതീക്ഷിക്കാമെന്ന സ്ഥിതിയാണുള്ളത്. 14 റണ്‍സ് നേടിയ ലിറ്റണ്‍ ദാസും 12 റണ്‍സുമായി ഇമ്രുല്‍ കൈസുമാണ് ബംഗ്ലാദേശിനായി ക്രീസില്‍ നില്‍ക്കുന്നത്.
നേരത്തെ 65.4 ഓവറില്‍ സിംബാബ്‍വേയുടെ രണ്ടാം ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. തൈജുല്‍ ഇസ്ലാം രണ്ടാം ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ് നേടി സിംബാബ്‍വേയുടെ അന്തകനായി. മെഹ്ദി ഹസന്‍ മൂന്നും നസ്മുള്‍ ഇസ്ലാം രണ്ടും വിക്കറ്റാണ് നേടിയത്.
സിംബാബ്‍വേയ്ക്കായി ക്യാപ്റ്റന്‍ ഹാമിള്‍ട്ടണ്‍ മസകഡ്സ 48 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. ബ്രണ്ടന്‍ ടെയിലര്‍(24), ഷോണ്‍ വില്യംസ്(20), സിക്കന്ദര്‍ റാസ(25), റെഗിസ് ചാകാബ്‍വ(20) എന്നിവര്‍ക്കാര്‍ക്കും തന്നെ ക്രീസില്‍ നിലയുറപ്പിക്കുവാന്‍ കഴിയാതെ പോയപ്പോള്‍ ടീം പ്രതിസന്ധിയിലാകുകയായിരുന്നു.