ഇന്ത്യയ്ക്കെതിരെ ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ ബംഗ്ലാദേശ് ഇനി 89 റണ്‍സ് കൂടി നേടേണ്ടതുണ്ട്. ടീമിനെ അഞ്ചാം വിക്കറ്റില്‍ കരകയറ്റുമെന്ന് തോന്നിപ്പിച്ച മുഷ്ഫിക്കുര്‍ റഹിം-മഹമ്മദുള്ള കൂട്ടുകെട്ട് മികച്ച രീതിയില്‍ മുന്നേറുന്നതിനിടെയാണ് മഹമ്മദുള്ള പരിക്കേറ്റ് റിട്ടയര്‍ ഹര്‍ട്ടാവുന്നത്.
തുടര്‍ന്ന് രണ്ട് വിക്കറ്റ് കൂടി നഷ്ടമായെങ്കിലും ബംഗ്ലാദേശിനായി മുഷ്ഫിക്കുര്‍ റഹിം 59 റണ്‍സുമായി പൊരുതി നില്‍ക്കുകയാണ്. പരിക്കേറ്റ് പുറത്ത് പോകുമ്പോള്‍ മഹമ്മദുള്ള 39 റണ്‍സാണ് നേടിയത്.
41 പന്തില്‍ നിന്ന് മികച്ച രീതിയില്‍ ബാറ്റ് വീശി 39 റണ്‍സ് നേടിയ മഹമ്മദുള്ളയ്ക്ക് പേശി വലിവ് കാരണമാണ് ഡ്രെസ്സിംഗ് റൂമിലേക്ക് മടങ്ങേണ്ടി വന്നത്. മടങ്ങുന്നതിന് മുമ്പ് ഈ കൂട്ടുകെട്ട് 68 റണ്‍സ് നേടിയിരുന്നു.
താരത്തിന്രെ സ്ഥിതി നാളെ രാവിലെ അവലോകനം ചെയ്ത ശേഷം ബാറ്റ് ചെയ്യുന്നതിനെക്കുറിച്ച് തീരുമാനിക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് മീഡിയ മാനേജര്‍ റബീദ് ഇമാം അറിയിച്ചു. മഹമ്മദുള്ള തിരികെ ബാറ്റിംഗിനെത്തുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.