ചട്ടോഗ്രാം ടെസ്റ്റിൽ ബംഗ്ലാദേശിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് 465 റൺസിൽ അവസാനിക്കുകയായിരുന്നു. 105 റൺസ് നേടിയ മുഷ്ഫിക്കുര്‍ റഹിമും 88 റൺസ് നേടി ലിറ്റൺ ദാസും 201 റൺസ് കൂട്ടുകെട്ട് നാലാം വിക്കറ്റിൽ നേടിയ ശേഷം ലിറ്റൺ ദാസിനെ ബംഗ്ലാദേശിന് നഷ്ടമായപ്പോള്‍ തലേ ദിവസം റിട്ടേര്‍ഡ് ഹര്‍ട്ട് ആയ തമീം ക്രീസിലേക്ക് എത്തിയെങ്കിലും തൊട്ടടുത്ത പന്തിൽ തന്നെ കസുന്‍ രജിത പുറത്താക്കി.
മുഷ്ഫിക്കുര്‍ തന്റെ ശതകം പൂര്‍ത്തിയാക്കി മടങ്ങിയപ്പോള്‍ ബംഗ്ലാദേശ് 465/9 എന്ന നിലയിൽ വെച്ച് ഷൊറിഫുള്‍ ഇസ്ലാം റിട്ടേര്‍ഡ് ഔട്ടായതോടെ ഇന്നിംഗ്സ് അവസാനിപ്പിച്ചപ്പോള്‍ 68 റൺസ് ലീഡാണ് ടീം നേടിയത്.. ശ്രീലങ്കയ്ക്കായി കസുന്‍ രജിത നാലും അഷിത ഫെര്‍ണാണ്ടോ മൂന്നും വിക്കറ്റ് നേടി.
ശ്രീലങ്കയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ 39 റൺസ് നേടുന്നതിനിടെ ഒഷാഡ ഫെര്‍ണാണ്ടോയെയും ലസിത് എംബുൽദേനിയയെയും നഷ്ടമായി. ഒഷാഡ 18 റൺസ് നേടിയപ്പോള്‍ ദിമുത് കരുണാരത്നേ 18 റൺസുമായി ക്രീസിലുണ്ട്. ബംഗ്ലാദേശിന്റെ ലീഡ് മറികടക്കുവാന്‍ 29 റൺസ് കൂടി ശ്രീലങ്ക നേടേണ്ടതുണ്ട്.