ഡൊമിംഗോയോട് വിശദീകരണം ആവശ്യപ്പെടുവാന്‍ ബംഗ്ലാദേശ് ബോര്‍ഡ്

Sports Correspondent

ബംഗ്ലാദേശ് ബോര്‍ഡ് അനാവശ്യമായ ശബ്ദകോലാഹലങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന ടെസ്റ്റ് ഏകദിന മുഖ്യ കോച്ചിന്റെ പരാമര്‍ശത്തിൽ വിശദീകരണം ആവശ്യപ്പെടുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. അടുത്തിടെ ടി20 കോച്ചിംഗ് സംവിധാനത്തിൽ നിന്ന് റസ്സൽ ഡൊമിംഗോയെ ബംഗ്ലാദേശ് ബോര്‍ഡ് മാറ്റി നിര്‍ത്തിയിരുന്നു.

ബോര്‍ഡ് അംഗങ്ങള്‍ താരങ്ങളോട് ഡ്രസ്സിംഗ് റൂമിൽ ആക്രോശിക്കുകയാണെന്നും കൂടാതെ അനാവശ്യ പരാമര്‍ശങ്ങളും നടത്തി താരങ്ങളിലും കോച്ചിംഗ് സ്റ്റാഫിലും ബോര്‍ഡ് സമ്മര്‍ദ്ദം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ടി20 ടീമിന്റെ ചുമതല പുതുതായി നിയമിച്ച ടെക്നിക്കൽ ഡയറക്ടര്‍ ശ്രീധര്‍ ശ്രീറാമിന് ലോകകപ്പ് വരെ നൽകുകയായിരുന്നു.

ഡൊമിംഗോ പറഞ്ഞ പോലെ ആരാണ് താരങ്ങളോട് ആക്രോശിക്കുന്നതെന്ന് ഡൊൊമിംഗോ തന്നെ വെളിപ്പെടുത്തട്ടേ എന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ഓപ്പറേഷന്‍ ചെയര്‍മാന്‍ ജലാൽ യൂനുസ് വ്യക്തമാക്കി. അദ്ദേഹം ക്രിക്കറ്റ് ഡയറക്ടര്‍ എന്നാണ് പറഞ്ഞതെന്നും അത് താനാണെന്നും ടീം ഡയറക്ടറെ ആണോ ഉദ്ദേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും യൂനുസ് പറഞ്ഞു.

ഏത് ബോര്‍ഡ് അംഗങ്ങളാണ് താരങ്ങളോട് കയര്‍ത്ത് സംസാരിച്ചതെന്ന് അവരും വ്യക്തമാക്കണമെന്നും ബോര്‍ഡ് അംഗങ്ങള്‍ക്ക് ടീം മാനേജ്മെന്റിനോട് സംസാരിക്കുവാന്‍ അനുമതി ഇല്ലെന്നും അതിനാൽ തന്നെ അതിന് സാധ്യതയില്ലെന്നുമാണ് യൂനുസ് പറയുന്നത്.