ശ്രീലങ്കന്‍ പരമ്പരയില്‍ നിന്ന് ബംഗ്ലാദേശിന്റെ നിലവിലെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് നീല്‍ മക്കിന്‍സി പിന്മാറുന്ന പക്ഷം മുന്‍ ന്യൂസിലാണ്ട് താരം ക്രെയിഗ് മക്മില്ലനെ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യയ്ക്കെതിരെ 2019ലെ പരമ്പര മുതല്‍ ബംഗ്ലാദേശിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് ആയി നിലനില്‍ക്കുന്നയാളാണ് മക്കിന്‍സി.
എന്നാല്‍ ബംഗ്ലാദേശ് ലങ്കന്‍ പരമ്പരയ്ക്കായി ഏകദേശം ഒരു മാസം മുമ്പേ തന്നെ ശ്രീലങ്കയില്‍ എത്തുമെന്നതിനാല്‍ തന്നെ ഇത്രയും അധികം കാലം അവിടെ ചെലവഴിക്കുന്നത് സാധ്യമല്ലെന്നാണ് മക്കിന്‍സി അറിയിച്ചിരിക്കുന്നതെന്നാണ് ബംഗ്ലാദേശ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. ശ്രീലങ്കയിലെ സാഹചര്യവുമായി പൊരുത്തപ്പെടുവാന്‍ വേണ്ടിയും കൊറോണയുടെ ഈ പ്രത്യേക സാഹചര്യത്തിലെ ക്വാറന്റീന്‍ കാലവുമെല്ലാം പരിഗണിച്ചാണ് ബംഗ്ലാദേശ് ഒരു മാസം മുന്നേ തന്നെ ലങ്കയിലേക്ക് എത്തുവാനൊരുങ്ങുന്നത്.
മക്കിന്‍സിയെ വിശ്വാസത്തിലെടുക്കുവാനുള്ള ശ്രമം തുടരുകയാണെങ്കിലും അത് നടക്കാത്ത പക്ഷം ചെറിയ കാലത്തേക്ക് ക്രെയിഗ് മക്മില്ലനെ പരിഗണിക്കുവാന്‍ ബംഗ്ലാദേശ് ഒരുങ്ങുകയാണെന്നാണ് ബോര്‍ഡ് ഓപ്പറേഷന്‍സ് ചെയര്‍മാന്‍ അക്രം ഖാന്‍ പറഞ്ഞത്. മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഒക്ടോബര്‍ 24നാണ് ആരംഭിക്കുന്നത്.