രഞ്ജി ട്രോഫിയിൽ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു ബംഗാളും കർണാടകയും. പഞ്ചാബിനെതിരെ 48 റൺസിന്റെ വിജയം സ്വന്തമാക്കിയാണ് ബംഗാൾ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്. മത്സരത്തിൽ വിജയിക്കാൻ പഞ്ചാബിന് 190 റൺസാണ് വേണ്ടിയിരുന്നത്. എന്നാൽ 47.3 ഓവറിൽ പഞ്ചാബ് 141 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. ബംഗാൾ സ്പിന്നർ ഷഹബാസ് അഹമ്മദിന്റെ മികച്ച ബൗളിംഗ് പ്രകടനമാണ് ബംഗാളിന് ജയം നേടിക്കൊടുത്തത്. മത്സരത്തിൽ രണ്ടാം ഇന്നിങ്സിലെ നാല് വിക്കറ്റ് അടക്കം 11 വിക്കറ്റുകളാണ് ഷഹബാസ് നേടിയത്.
ബെംഗളൂരുവിൽ നടന്ന മത്സരത്തിൽ ബറോഡയെ 8 വിക്കറ്റിന് തോൽപ്പിച്ചാണ് കർണാടക ക്വാർട്ടർ ഉറപ്പിച്ചത്. രണ്ടാം ഇന്നിങ്സിൽ 296 റൺസ് എടുത്ത ബറോഡ കർണാടകക്ക് മുൻപിൽ 149 റൺസിന്റെ ലക്ഷ്യമാണ് വെച്ചത്. ആ ലക്‌ഷ്യം 44.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ കർണാടക ലക്ഷ്യം കാണുകയായിരുന്നു. 71 റൺസ് എടുത്ത് പുറത്താവാതെ നിന്ന കരുൺ നായർ ആണ് കർണാടകയുടെ വിജയം ഉറപ്പിച്ചത്.