50 ഓവര്‍ പൂര്‍ത്തിയാക്കാനാകാതെ ബംഗ്ലാദേശ്, മധ്യനിരയുടെ മികവാര്‍ന്ന പ്രകടനത്തിന് ശേഷം തകര്‍ച്ച

Sports Correspondent

ഒരു ഘട്ടത്തിൽ 153/3 എന്ന നിലയിൽ മികച്ച സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയ ബംഗ്ലാദേശിനെ 48.5 ഓവറിൽ 246 റൺസിന് ഓള്‍ഔട്ട് ആക്കി ബംഗ്ലാദേശ്. അര്‍ദ്ധ ശതകങ്ങള്‍ നേടിയ ഷാക്കിബ് അൽ ഹസന്‍, നജ്മുള്‍ ഹൊസൈന്‍ ഷാന്റോ, മുഷ്ഫിക്കുര്‍ റഹിം എന്നിവരുടെ പ്രകടനത്തിന് ശേഷം ഇംഗ്ലണ്ട് മത്സരത്തിൽ പിടിമുറുക്കുകയായിരുന്നു.

ലിറ്റൺ ദാസിനെ ആദ്യ ഓവറിലും തമീം ഇക്ബാലിനെ മൂന്നാം ഓവറിലും പുറത്താക്കി സാം കറന്‍ മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നൽകിയത്. പിന്നീട് നജ്മുള്‍ ഹൊസൈന്‍ – മുഷ്ഫിക്കുര്‍ റഹിം കൂട്ടുകെട്ട് 98 റൺസ് മൂന്നാം വിക്കറ്റിൽ കൂട്ടിചേര്‍ത്തുവെങ്കിലും അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ നജ്മുള്‍ റണ്ണൗട്ടായി പുറത്താകുകയായിരുന്നു.

ഷാക്കിബും മുഷ്ഫിക്കുറും ചേര്‍ന്ന് 38 റൺസ് നാലാം വിക്കറ്റിൽ നേടിയപ്പോള്‍ മുഷ്ഫിക്കുറിനെ ആദിൽ റഷീദ് മടക്കിയയച്ചു. പിന്നീട് മറുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോളും പിടിച്ച് നിന്ന ഷാക്കിബ് 9ാം വിക്കറ്റായാണ് പുറത്തായത്.

ഷാക്കിബ് 75 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ മുഷ്ഫിക്കുര്‍ 70 റൺസും നജ്മുള്‍ ഹൊസൈന്‍ ഷാന്റോ 53 റൺസും നേടി. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ 3 വിക്കറ്റ് നേടിയപ്പോള്‍ ആദിൽ റഷീദും സാം കറനും രണ്ട് വീതം വിക്കറ്റ് നേടി.